മനാമ: കോവിഡ് -19 മുൻകരുതൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ ക്യാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫ പരിശോധന നടത്തി. മനാമയിൽ തൊഴിലാളികളുടെ ആധിക്യം കണ്ടെത്തിയ ലേബർ ക്യാമ്പുകളിൽനിന്ന് ഇതുവരെ 15,356 പേരെ മാറ്റിപാർപ്പിച്ചു. നിയമ ലംഘനം കണ്ടെത്തിയ 1,259 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. നിയമലംഘനം തിരുത്തിയതിനെത്തുടർന്ന് ഇതിൽ 1,211 കെട്ടിടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു.
നിയമ ലംഘനങ്ങൾ കണ്ടെത്താൻ തുടർന്നും പരിശോധന നടത്തുമെന്നും നിയമ ലംഘനങ്ങളുടെ പൂർണ ഉത്തരവാദിത്തം കെട്ടിട ഉടമകൾക്കാണെന്നും അവർക്കെതിരെ നിയമ നടപടി എടുക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും കാപിറ്റൽ ഗവർണർ ഓർമിപ്പിച്ചു. ആരോഗ്യം സംരക്ഷിക്കുന്നതിന് ലേബർ ക്യാമ്പുകളിൽ താമസക്കാരുടെ എണ്ണം കുറക്കാൻ ഉടമകൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.