മനാമ: ബഹ്റൈൻ കേരളീയ സമാജം ഹാളിൽ അനികൈറ്റ് ബാലന്റെ ആദ്യ പുസ്തകമായ ‘ദ മാജിക്കൽ സ്റ്റോൺ’ പ്രകാശനം ചെയ്തു. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. ഷെമിലി പി. ജോണിന് പുസ്തകത്തിന്റെ ആദ്യ കോപ്പി നൽകി സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പുസ്തക പ്രകാശനം നിർവഹിച്ചു. അനിതരസാധാരണമായ കഴിവുകൾകൊണ്ട് ചെറുപ്രായത്തിൽതന്നെ ഒരു പുസ്തകത്തിന്റെ രചയിതാവായ അനികൈറ്റിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി ബഹ്റൈനിലെ മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി പറഞ്ഞു. അനി കൈറ്റിനെ പോലുള്ള കുരുന്ന് പ്രതിഭകൾ ഭാവിയിലെ വാഗ്ദാനങ്ങളാണെന്നും അത്തരം കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്ന കാര്യത്തിൽ മാതാപിതാക്കളോടൊപ്പം സമൂഹവും ഒപ്പംനിൽക്കണമെന്നും സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. ഏഷ്യൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ അനികൈറ്റ് ബാലൻ യു.കെ. ബാലൻ-ശ്രീഷ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവനാണ്.