കോഴിക്കോട്: കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ (105) അന്തരിച്ചു. കൊയിലാണ്ടി ചേലിയയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. എട്ടുപതിറ്റാണ്ട് നീണ്ട കലാജീവിത്തിന് ശേഷമാണ് വിടവാങ്ങല്‍. കഥകളി, കേരള നടനം എന്നിവയിലെ അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും പ്രായംകൂടിയ പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റായിരുന്നു. 2017 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 1979 ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, 1999 ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001 ൽ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാർഡ്, 2002 ൽ കലാദർപ്പണം നാട്യ കുലപതി അവാർഡ്, മയിൽപ്പീലി പുരസ്കാരം, കേരള കലാമണ്ഡലം കലാരത്നം അവാർഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങൾ.
മടന്‍കണ്ടി ചാത്തുകുട്ടി നായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂണ്‍ 26നാണ് ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ജനനം. കൃഷ്ണനാണ് ഇഷ്ടവേഷം. ദുര്യോധന വധം, കുചേലവൃത്തം, സന്താനഗോപാലം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകളില്‍ കൃഷ്ണനായി അവതരിച്ച് കുഞ്ഞിരാമന്‍ നായര്‍ കലാപ്രേമികളുടെ ഹൃദയംകവര്‍ന്നു.
2013 ലാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പി കെ രാധാകൃഷ്ണൻ സംവിധാനം ചെയ്ത് ഗുരുവിനെ മുഖ്യകഥാപാത്രമായി നിര്‍മിച്ച മുഖം മൂടികൾ എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. പത്തു കൊല്ലം കേരളസര്‍ക്കാര്‍ നടനഭുഷണം എക്സാമിനറായും മൂന്നു വര്‍ഷം തിരുവനന്തപുരം ദൂരദര്‍ശന്‍ നൃത്തവിഭാഗം ഓഡീഷന്‍ കമ്മിറ്റി അംഗമായും രണ്ടു വര്‍ഷം അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ടിച്ചു.