ചണ്ഡിഗഡ്: അതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്ഥാന്‍ ഡ്രോണിന് നേരെ വെടിയുതിര്‍ത്ത് ബിഎസ്എഫ്. പഞ്ചാബിലെ പത്താന്‍കോട്ട് ജില്ലയിലാണ് പാക് ഡ്രോണെത്തിയത്. ബിഎസ്എഫ് ജവാന്മാര്‍ വെടിയുതിര്‍ത്തതോടെ ഡ്രോണ്‍ തിരികെ പാകിസ്ഥാനിലേക്ക് പോയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യ പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലുള്ള ദിണ്ട പോസ്റ്റിന് സമീപത്തായി ഭാമിലാല്‍ മേഖലയിലായാണ് ഡ്രോണ്‍ കണ്ടെത്തിയതെന്ന് പത്താന്‍കോട്ട് പൊലീസ് സീനിയര്‍ സൂപ്രണ്ട് ഗുല്‍നീത് സിംഗ് ഖുറാന അറിയിച്ചു.
ഡ്രോൺ ഉപയോഗിച്ച് എന്തെങ്കിലും വസ്തുക്കള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തിയെന്നും എന്നാല്‍ ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കി. 2020 ഡിസംബറില്‍ 11 ഗ്രനേഡുകളാണ് ഇത്തരത്തിലുള്ള ഡ്രോണ്‍ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമമായ ഗുര്‍ദാസ്പൂരില്‍ കണ്ടെത്തിയിരുന്നു. 2019ല്‍ എകെ 47 റൈഫിളുകളാണ് ഇത്തരത്തില്‍ ഡ്രോണുപയോഗിച്ച് ഇന്ത്യന്‍ ഭൂമിയിലേക്ക് കടത്താന്‍ ശ്രമിച്ചത്.