മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ അൽ ഹിലാൽ മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തുന്ന സ്‌പെഷലൈസ്ഡ് മെഡിക്കൽ ക്യാമ്പ് ഈ വരുന്ന മാർച്ച് 8 തിയ്യതി രാവിലെ 8 മണിമുതൽ അൽ ഹിലാൽ അദ്ലിയ കോമ്പൗണ്ടിൽ വെച്ച് നടക്കും.
കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി എന്നീ വിഭാഗങ്ങളെ മുഖ്യമായും കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനകൾ മുൻകൂട്ടിയുള്ള രെജിസ്ട്രേഷൻ പ്രകാരമായിരിക്കും നടക്കുക. ദിനേന എന്നോണം നടക്കുന്ന മെഡിക്കൽ ക്യാമ്പുകളിൽ നിന്നും വിഭിന്നമായി തിരഞ്ഞെടുക്കപ്പെട്ട തികച്ചും അർഹരായ കുറഞ്ഞ വേതനക്കാരായ സാധാരണക്കാരെ കേന്ദ്രീകരിച്ച് നടത്തുന്ന വൈദ്യ പരിശോധന എല്ലാവരും ഉപയോഗപ്പെടുത്തേണ്ടതാണ്.
രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ക്യാമ്പിന്റെ ഔദ്യോഗിക ഉൽഘാടനം അൽ ഹിലാൽ ചെയർമാനും, തണൽ ട്രസ്റ്റിയും, ഈ പ്രാവശ്യത്തെ ഭാരത സർക്കാരിന്റെ “പ്രവാസി ഭാരതീയ സമ്മാൻ” ജേതാവുമായ വി. ടി. വിനോദൻ നിർവഹിക്കും. ഒമാൻ കേന്ദ്രീകരിച്ചു ബിസിനസ്സ് നടത്തുന്ന അദ്ദേഹം തണലിന്റെ വിവിധ സംരംഭങ്ങളിൽ സജീവ സാന്നിധ്യം വഹിക്കുന്ന ഒരു വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് സർക്കാർ ഈ ഒരംഗീകാരത്തിന് അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.
2017 മെയ് മാസം ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടത്തിയ മൂന്നുദിവസം നീണ്ടു നിന്ന കിഡ്‌നി കെയർ എക്സിബിഷനും ഇക്കഴിഞ്ഞ ജനുവരി 9 മുതൽ 12 വരെ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ, ബഹ്‌റൈൻ കേരളീയ സമാജം, ബഹ്‌റൈൻ മൊബിലിറ്റി ഇന്റർ നാഷണൽ, ലുലു റാംലി മാൾ എന്നീ സ്ഥലങ്ങളിൽ “തണൽ ഭിന്നശേഷി സ്‌കൂൾ” വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും നടത്തുക വഴി തണൽ ബഹ്‌റൈൻ ചാപ്റ്റർ ഇന്ന് ബഹ്‌റൈനിലെ സ്വദേശികളുടെയും പ്രവാസികളുടെയും ഇടയിൽ വളരെ സുപരിചിതമാണ്. ജനോപകാരപ്രദവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള പരിപാടികൾ നടത്തുക വഴി മറ്റ് സംഘടനകളിൽനിന്നും തികച്ചും വ്യതിരിക്തമായ തണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ ശിരസ്സിലെ മറ്റൊരു തൂവലായിരിക്കും അൽ ഹിലാലുമായി ചേർന്ന് മാർച്ച് 8 നു നടക്കുന്ന സ്പെഷൽ മെഡിക്കൽ ക്യാമ്പ് എന്ന് ഭാരവാഹികൾ അറിയിച്ചു.
അൽ ഹിലാൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് ഉപ്പള, തണൽ ബഹ്‌റൈൻ ചാപ്റ്റർ ചെയര്മാന് റസാഖ് മൂഴിക്കൽ, ആക്ടിം സെക്രട്ടറി മുജീബ് മാഹി, ട്രഷറർ റഷീദ് മാഹി, പി.ആർ.ഓ. റഫീഖ് അബ്ദുല്ല, വൈസ് ചെയർമാൻ ഉസ്മാൻ ടിപ്പ് ടോപ്, അൽ ഹിലാൽ ബ്രാഞ്ച് ഹെഡ് ലിജോയ് ചാലക്കൽ, എന്നിവരെ കൂടാതെ തണൽ ഭാരവാഹികളായ എൻ.വി. സലീം കണ്ണൂർ, ലത്തീഫ് ആയഞ്ചേരി, ഫൈസൽ പാട്ടാണ്ടി, ജയേഷ് മേപ്പയ്യൂർ, ജമാൽ കുറ്റിക്കാട്ടിൽ, ഇബ്രാഹിം വില്ല്യാപ്പള്ളി, ശ്രീജിത്ത് കണ്ണൂർ, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.