മനാമ: എയർ കാർഗോ അളവിൽ വർദ്ധനവ് രേഖപ്പെടുത്തി ബഹ്‌റൈൻ ഇൻറർനാഷനൽ എയർപോർട്ട്. 3,00,205 ടൺ കാർഗോയാണ് 2020ൽ ബഹ്‌റൈൻ ഇൻറർനാഷനൽ എയർപോർട്ട് കൈകാര്യം ചെയ്തത്. കോവിഡ്-19 മഹാമാരിയെത്തുടർന്ന് ആഗോള എയർ കാർഗോ അളവുകളിൽ ഗണ്യമായ ഇടിവുണ്ടായിട്ടും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്ന് ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) പറഞ്ഞു.
കഴിഞ്ഞവർഷത്തെ ലോക്ഡൗണുകളുകളും മറ്റ് നിയന്ത്രണങ്ങളും ബഹ്‌റൈൻ ഇൻറർനാഷനൽ എയർപോർട്ട് വഴിയുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും ചരക്കുനീക്കത്തിൽ ക്രമാനുഗതമായ വളർച്ചയുണ്ടായതായി ബി.എ.സി ചീഫ് കമേഴ്സ്യൽ ഓഫീസർ അയ്മൻ സൈനൽ പറഞ്ഞു. കോവിഡ് 19 മഹാമാരിയെത്തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ വലിയതോതിൽ കുറയുകയുണ്ടായി. വിമാന യാത്രക്കാരുടെ എണ്ണത്തിലും കാർഗോ അളവിലും കുറവ് വരാൻ കോവിഡ് നിയന്ത്രണങ്ങൾ കാരണമായി.
2015 മുതൽ 2020 വരെ, ബിഎഎയിലെ ചരക്ക് ടൺ 17.079 ശതമാനം ഉയർന്നു. ഇത് വലിയ തോതിൽ ചരക്ക് കൈകാര്യം ചെയ്യാനുള്ള വിമാനത്താവളത്തിന്റെ കഴിവിനെയാണ് കാണിക്കുന്നതെന്നും ഈ വർഷം ജനുവരിയിൽ പുതിയ പാസഞ്ചർ ടെർമിനൽ ആരംഭിച്ചതും പുതിയ എക്സ്പ്രസ് കാർഗോ വില്ലേജിന്റെ നിർമാണവും ഭാവിയിലെ വളർച്ചയ്ക്ക് അനുയോജ്യമാണെന്നും ബി.എ.സി ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അയ്മാൻ സൈനാൽ വ്യക്തമാക്കി.