ഇന്ത്യയിൽ തിങ്കളാഴ്ച മാത്രം 30 ലക്ഷം പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകി

ന്യൂഡൽഹി: 30 ലക്ഷം പേരാണ് തിങ്കളാഴ്ച മാത്രം രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തത്. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ് വാക്‌സിന്‍ എടുത്തവരുടെ എണ്ണം 3,29,47,432 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാര്‍ച്ച്‌ 15 തിങ്കളാഴ്ച മാത്രം കുത്തിവെപ്പെടുത്തത് 30,39,394 പേരാണ്. ഇതില്‍ 26,27,099 ആളുകള്‍ക്ക് ആദ്യഘട്ട കുത്തിവെപ്പുകളും 4,12,295 ആളുകള്‍ക്ക് രണ്ടാംഘട്ട കുത്തിവെപ്പുകളുമാണ് നല്‍കിയത്. 15 ദിവസത്തിനിടെ 60 വയസ്സ് പിന്നിട്ട ഒരു കോടിയോളം പൗരന്‍മാര്‍ കോവിഡ് വാക്‌സിനേഷൻ എടുത്തു കഴിഞ്ഞു.