മനാമ: മിസൈൽ പ്രഹരണ ശേഷിയുള്ള ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ് തൽവാർ ബഹ്റൈനിൽ സന്ദർശനത്തിനെത്തി. കഴിഞ്ഞ ദിവസം മിന സൽമാൻ തുറമുഖത്താണ് കപ്പലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ സൈനിക സഹകരണം ദൃഢമാക്കുന്നതിൻറെ ഭാഗമായി ഇന്ത്യൻ യുദ്ധക്കപ്പലുകൾ ഇടക്ക് ബഹ്റൈനിൽ സന്ദർശനം നടത്താറുണ്ട്.
2003 ജൂൺ 18ന് കമീഷൻ ചെയ്ത ഐ.എൻ.എസ് തൽവാർ അത്യാധുനിക ആയുധങ്ങളും സെൻസറുകളും ഉൾക്കൊള്ളുന്നതാണ്. ആകാശത്തുനിന്നും കടലിൽനിന്നും കടലിനടിയിൽനിന്നുമുള്ള ഏതു ഭീഷണിയും നേരിടാൻ ശേഷിയുണ്ട്. ഈ കപ്പലിൽ 25 ഓഫിസർമാരും 220 സെയിലർമാരുമാണുള്ളത്. ക്യാപ്റ്റൻ സതീഷ് ഷേണായിയാണ് കപ്പൽ കമാൻഡർ.
ഗൾഫ് മേഖലയിലെ സമുദ്ര സുരക്ഷ ഭീഷണി കണക്കിലെടുത്ത് ഇന്ത്യൻ നാവികസേന ‘ഓപറേഷൻ സങ്കൽപ്’ എന്നപേരിൽ 2019 ജൂണിൽ സമുദ്ര സുരക്ഷ ഓപറേഷൻ നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്നതിനായിരുന്നു ഇത്. സമുദ്രവ്യാപാരം സുരക്ഷിതമാക്കാനുള്ള ദൗത്യം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് ഐ.എൻ.എസ് തൽവാറാണ്.