ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മലിനമായ മുപ്പത് നഗരങ്ങളുടെ പട്ടികയില്‍ 22 എണ്ണവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. 2020 ലെ കണക്കുകളെ അടിസ്ഥാനമാക്കി സ്വിസ് സംഘടനയായ ഐക്യു എയറാണ് പട്ടിക തയ്യാറാക്കിയത്. ചൈനയിലെ ഹോറ്റന്‍ നഗരമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ഗാസിയാബാദാണുള്ളത്. 2 മുതൽ 14 വരെ ഈ പട്ടികയില്‍ ഇടം നേടിയത് ഇന്ത്യയിലെ നഗരങ്ങളാണ്.
106 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഗതാഗതം, പാചകം, വൈദ്യുതി ഉല്‍പാദനം, വ്യവസായം, നിര്‍മ്മാണം, മാലിന്യം കത്തിക്കല്‍ എന്നിവയാണ് മലിനീകരണത്തിന്‍റെ പ്രധാന കാരണമായി റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. രാജ്യ തലസ്ഥാനമായ ദില്ലി പത്താം സ്ഥാനത്താണുള്ളത്. എന്നാല്‍ 2019നെ അപേക്ഷിച്ച് ദില്ലിയിലെ വായുവിന്‍റെ നിലവാരം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, ബിസ്റാഖ് ജലാല്‍പൂര്‍, നോയിഡ, ഗ്രേറ്റര്‍ നോയിഡ, കാണ്‍പൂര്‍, ലഖ്നൗ, മീററ്റ്, ആഗ്ര, മുസാഫര്‍നഗര്‍ നഗരങ്ങളും ഈ പട്ടികയില്‍ മുന്നിലാണ്.