മനാമ: ഈ വർഷത്തെ സിബിഎസ്ഇ പരീക്ഷയിൽ പങ്കെടുക്കുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സ്‌കൂൾ ഒരു വെർച്വൽ പരീക്ഷാ ഓറിയന്റേഷൻ സെഷൻ നടത്തി. കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ബോർഡ് പരീക്ഷ നടത്താനിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട അവരുടെ സംശയങ്ങൾ വ്യക്തമാക്കുന്നതിനുമായിട്ടാണ് സെഷൻ നടത്തിയത്. മൈക്രോസോഫ്റ്റ് ടീം ലൈവ് വഴിയാണ് പ്രോഗ്രാം നടത്തിയത്. തത്സമയ സെഷനിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും അവരുടെ ചോദ്യങ്ങൾ ഉന്നയിച്ചു. സ്കൂൾ അധികൃതർ സംശയനിവാരണം നടത്തി. ഡോ. ബാബു രാമചന്ദ്രനാണ് ജനറൽ കൗൺസിലിംഗ് സെഷൻ നടത്തിയത്. വിദ്യാർത്ഥികൾക്കിടയിൽ മാനസികാരോഗ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു.ബോർഡ് പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി.വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ പഠന സമയം വിനിയോഗിക്കുന്നതിനും പരമാവധി പ്രയോജനപ്പെടുത്തുന്നതിനും വേണ്ട നിദേശങ്ങൾ നൽകി. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ സി ബി എസ് ഇ പരീക്ഷകൾ സുഗമമായി നടത്താനുള്ള ക്രമീകരണങ്ങളെക്കുറിച്ച് സംസാരിച്ചു. സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു. പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ള ഓറിയന്റേഷൻ സെഷൻ മാർച്ച് 21 നു നടക്കും.