മനാമ: 2021ൽ ഗൾഫ് രാജ്യങ്ങൾ 2.5 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറർനാഷനൽ ഫിനാൻസിൻറെ റിപ്പോർട്ട്. സാമ്പത്തിക വളർച്ചയിൽ 2020ൽ 4.9 ശതമാനം ഇടിവ് സംഭവിച്ച സ്ഥാനത്താകും ഈ നേട്ടം കൈവരിക്കുക. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വളർച്ച ബഹ്റൈനായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2022ൽ ഗൾഫ് രാജ്യങ്ങൾ 3.1 ശതമാനം വളർച്ച നേടുമെന്നും റിപ്പോർട്ട് പറയുന്നു. സാമ്പത്തിക ഉത്തേജക പാക്കേജുകൾ, പണനയത്തിലെ കാർക്കശ്യം ലഘൂകരിക്കൽ, ബാങ്കുകൾക്ക് പണലഭ്യത ഉറപ്പ് വരുത്തൽ തുടങ്ങിയ നടപടികളിലൂടെ ഗൾഫ് രാജ്യങ്ങൾ സമ്പദ് വ്യവസ്ഥക്ക് നൽകിയ പിന്തുണയാണ് വളർച്ചക്ക് കാരണം.
എണ്ണവിലയിലെ വർധനയും എണ്ണയിതര മൊത്ത ആഭ്യന്തര ഉൽപാദനത്തിലെ വളർച്ചയും 2021ൽ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടും. എണ്ണയുടെ കാര്യത്തിൽ കരുതലോടെയുള്ള നിഗമനമാണ് റിപ്പോർട്ട് മുന്നോട്ട് വെക്കുന്നത്. ഈ വർഷം ശരാശരി എണ്ണവില ബാരലിന് 60 ഡോളറായിരിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ ശരാശരി വിലയെക്കാൾ 40 ശതമാനം അധികമാണ് ഇത്. ഗൾഫ് രാജ്യങ്ങളുടെ മൊത്തത്തിലുള്ള ബജറ്റ് കമ്മി 2020ലെ 9.1 ശതമാനത്തിൽനിന്ന് ഇൗ വർഷം 1.2 ശതമാനമായി കുറയും.
സൗദി അറേബ്യ ഈ വർഷം 2.4 ശതമാനവും അടുത്ത വർഷം 3.1 ശതമാനവും വളർച്ച നേടുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യു.എ.ഇ ഈ വർഷം 2.6 ശതമാനവും അടുത്ത വർഷം മൂന്ന് ശതമാനവും ഒമാൻ ഈ വർഷം 1.4 ശതമാനവും അടുത്ത വർഷം 3.1 ശതമാനവും ഖത്തർ ഈ വർഷവും അടുത്ത വർഷവും 3.3 ശതമാനവും കുവൈത്ത് ഈ വർഷം 2.2 ശതമാനവും അടുത്ത വർഷം 2.8 ശതമാനവും വളർച്ച കൈവരിക്കും. അതേസമയം, ബഹ്റൈൻ ഈ വർഷം 3.4 ശതമാനവും അടുത്ത വർഷം 3.5 ശതമാനവും സാമ്പത്തിക വളർച്ച നേടുമെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം 5.2 ശതമാനം സാമ്പത്തിക ശോഷണമുണ്ടായ സ്ഥാനത്താണ് ഇത്.
അതേസമയം കഴിഞ്ഞ ഫെബ്രുവരിയിൽ ബഹ്റൈൻറെ ഇറക്കുമതിയിൽ ഒമ്പത് ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. 429 മില്യൺ ദിനാറിൻറെ ഇറക്കുമതിയാണ് കഴിഞ്ഞമാസം നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 394 മില്യൺ ദിനാറിൻറെ ഇറക്കുമതിയാണ് നടന്നത്. 10 രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതിയുടെ 72 ശതമാനവും. ശേഷിക്കുന്ന 28 ശതമാനം ഇറക്കുമതി മറ്റ് രാജ്യങ്ങളിൽനിന്നാണ്. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെൻറ് അതോറിറ്റിയാണ് വിദേശ വ്യാപാരം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.