ദില്ലി; വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന് ഈ മാസം മുതൽ 10 ശതമാനം വില വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്ക് വർധിക്കാൻ സാധ്യതയുള്ളതായി വിദഗ്ദർ അഭിപ്രായപ്പെട്ടു. ഇന്ധന വിലവര്‍ദ്ധനവിന് പുറമെ അവധിക്കാലം വരുന്നതോടെ വിമാനങ്ങളില്‍ തിരക്കേറുന്ന സമയവുമാണ് വരാനിരിക്കുന്നത്. തിരക്ക് അനുഭവപ്പെടുന്ന സീസൺ ആവുന്നതോടെ നിരക്ക് കൂട്ടുന്ന പതിവ് കാലങ്ങളായി വിമാന കമ്പനികൾ തുടരുന്നതിനു പുറമെ ഇത്തവണ വില വർദ്ധനവ് കൂടി ബാധിക്കുമെന്നാണ് നിരീക്ഷണം. വിമാന കമ്പനികൾ നേരിടുന്ന പ്രതിസന്ധികൾ ഇത്തരുണത്തിൽ ടിക്കറ്റ് നിരക്കിലേക്കു കൂടി കടക്കുന്നതോടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്ക് ചിലവേറുന്ന ആശങ്കയിലാണ് പ്രവാസികൾ.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി അടുത്തിടെ 19 സര്‍വീസുകളാണ് ജെറ്റ് എയര്‍ലൈന്‍സ് റദ്ദാക്കിയത്. ഇന്റിഗോയും സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ആവശ്യത്തിന് പൈലറ്റുമാരില്ലാത്തതാണ് സര്‍വീസുകള്‍ കുറയ്ക്കാന്‍ കാരണമെന്ന് ഇന്റിഗോ വിശദീകരിച്ചിട്ടുണ്ട്. ഏപ്രില്‍ വരെയുള്ള താല്‍കാലിക നിയന്ത്രണമാണിതെന്നും കമ്പനി പറയുന്നു. സര്‍വീസുകളുടെ എണ്ണം കുറയുമ്പോള്‍ ഉള്ള വിമാനങ്ങളില്‍ തിരക്കേറുന്നത് മുതലാക്കി കമ്പനികള്‍ പിന്നെയും നിരക്ക് കൂട്ടുന്നതിനെതിരെ പ്രവാസികൾക്കിടയിൽ രോഷം പുകയുകയാണ്.