സൗദി ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം; ഡ്രോൺ അറബ് സഖ്യസേന തകർത്തു

റിയാദ്: സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ശനിയാഴ്‍ച വ്യോമാക്രമണ ശ്രമമുണ്ടായതായി അറബ് സഖ്യസേന അറിയിച്ചു. യെമനില്‍ നിന്ന് ഹൂതികൾ വിക്ഷേപിച്ച സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് അറബ് സഖ്യസേന തകർത്തു. ഭീകരാക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനായി എല്ലാ നടപടികളും സ്വീകരിച്ചതായി അറബ് സഖ്യസേന അറിയിച്ചു. നേരത്തെ റിയാദിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയും ഹൂതികളുടെ ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. ഹൂതി ആക്രമണത്തെ ബഹ്‌റൈന്‍, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളും ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലും അപലപിച്ചു.