റിയാദ്: ഈ വർഷം ഹജ്ജിനെത്തുന്ന തീർഥാടകർക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് കാലമായ ഈ വർഷം ഹജ്ജ് നിർവഹിക്കാനുള്ള അനുമതി ലഭിക്കാനുള്ള പ്രധാന വ്യവസ്ഥകളിൽ ഒന്ന് കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരിക്കണമെന്നതാണ്.
വിദേശങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിവേണം എത്തേണ്ടതെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. സൗദിയിൽ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും നിർദേശമുണ്ട്. സൗദിയിൽ നിന്നുള്ള തീർഥാടകർ ദുൽഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം.