മനാമ: ഗൾഫ് റീജിയനിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് & മൊബൈൽ സേവനങ്ങൾ നൽകുന്ന രാജ്യം ബഹ്റൈനാണെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം അറബ് ടെലികമ്യൂണിക്കേഷൻറെ 2020 ലെ റീറ്റെയ്ൽ വില നിലവാരം താരതമ്യം ചെയ്ത് ബഹ്‌റൈൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഇതുപ്രകാരം ഏകദേശ ഫിക്സഡ് ബ്രോഡ്ബാൻഡ് നിരക്ക് മറ്റു അറബ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 39 ശതമാനം കുറവാണ് ബഹ്‌റൈനിൽ. 2016 നെ അപേക്ഷിച്ച് 2020 ൽ എത്തുമ്പോൾ ബഹ്‌റൈനിൽ തന്നെ നിരക്ക് 56 ശതമാനം കുറഞ്ഞിട്ടുമുണ്ട്. അതേസമയം ഉപയോക്താക്കളുടെ എണ്ണത്തിൽ 847 ശതമാനം വർധനവും 4 വർഷത്തിനിടെ ഉണ്ടായിട്ടുണ്ട്. കുറഞ്ഞ നിരക്കിലെ മൊബൈൽ ഇന്റർനെറ്റ് ഉപയോതാക്താക്കളുടെ എണ്ണവും രാജ്യത്ത് 88 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്.
ഇഷ്ടപ്പെട്ട സിനിമകൾ സ്‌ട്രീം ചെയ്ത് കാണുന്നതിനും ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിനും ബഹ്‌റൈനിൽ വളരെ കുറഞ്ഞ നിരക്കിൽ ആസ്വദിക്കാനാവും എന്നത് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് സന്തോഷം പകരുമെന്നതിൽ സംശയമില്ല.