ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയിലെ 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച 10,787 സാമ്പിളുകളില്‍ നിന്ന് 771 വകഭേദം സംഭവിച്ച വൈറസുകളാണ് കണ്ടെത്തിയത്. ഇതില്‍ 736 എണ്ണം ബ്രിട്ടണില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകള്‍ക്ക് സമാനമാണ്. 34 എണ്ണം ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസുകള്‍ക്കും ഒരെണ്ണം ബ്രസീലില്‍ കണ്ടെത്തിയ വൈറസുകള്‍ക്കും സമാനമാണ്.

ചില സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചതിന് പുതിയ വൈറസുകളുടെ സാന്നിദ്ധ്യവുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വന്‍സിംഗും എപ്പിഡെമോളജിക്കല്‍ പഠനങ്ങളും തുടരുകയാണ്. കേരളത്തില്‍ 14 ജില്ലകളില്‍ നിന്ന് ശേഖരിച്ച 123 സാമ്പിളുകളില്‍ N440K വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ വൈറസ് നേരത്തെ കണ്ടെത്തിയിരുന്നു. സമീപ ദിവസങ്ങളില്‍ ചില സംസ്ഥാനങ്ങളില്‍ കൊറോണ കേസുകളില്‍ ഉണ്ടായ വന്‍ വര്‍ധനവിന് കാരണം വകഭേദം സംഭവിച്ച വൈറസുകളാണെന്ന ആശങ്ക ഉയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലെ സാമ്പിളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മഹാരാഷ്ട്രയില്‍ വകഭേദം സംഭവിച്ച E484Q, L452R എന്നീ വൈറസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഇത് രോഗം ബേധമാകുന്നത് വൈകിപ്പിക്കുകയും വ്യാപനം കൂടുകയും ചെയ്യുന്നു. ആകെ ശേഖരിച്ച സാമ്പിളുകളില്‍ 15 മുതല്‍ 20 ശതമാനം വരെയും വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,17,34,058 ആയി. 1,60,441 പേരാണ് ഇന്ത്യയില്‍ ഇത് വരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.