കഴിഞ്ഞ ദിവസം അന്തരിച്ച ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ എം കെ ബഷീറിൻറെ വിയോഗത്തിൽ അനുശോചനമർപ്പിച് വിവിധ പ്രവാസി സംഘടനകൾ. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ചൊവാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ നാല്‍പതു വര്‍ഷമായി ബഹ്റൈനിലുള്ള ബഷീര്‍ യൂണിഫോം സിറ്റി, ബ്ലേസര്‍ സിറ്റി, അബു ഫാരിസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.
കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് സ്ഥാപക അംഗവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബഷീര്‍ എംകെ യുടെ നിര്യാണത്തില്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് അനുശോചിച്ചു. കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് രൂപീകരണം മുതല്‍ നാളിതുവരെ പൂര്‍ണ്ണ പിന്തുണ നല്‍കി വരുന്ന കുടംബാംഗത്തെയാണ് നഷ്ടമായതെന്ന് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാന്‍, ജന. സെക്രട്ടറി കെ. ടി. സലിം എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. തികഞ്ഞ മനുഷ്യ സ്‌നേഹിയായ അദ്ദേഹം ബിസിനസിലെ അഭിവൃദ്ധി പാവങ്ങള്‍ക്കായി നീക്കിവെച്ച നിശബ്ദ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.
ബഹ്റൈനിലെ കാരുണ്യരംഗത്തെ നിറസാന്നിധ്യവും പ്രമുഖ വ്യവസായിയുമായ ബഷീര്‍ വടകരയുടെ വിയോഗത്തില്‍ കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഏറെ ഞെട്ടലുളവാക്കുന്നതാണെന്നും പവിഴദ്വീപിലെ പ്രവാസികള്‍ക്ക് തീരാനഷ്ടമാണെന്നും കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ശംസുദ്ധീന്‍ വെള്ളികുളങ്ങര, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ബഹ്റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം കെ.എം.സി.സിയുമായി നല്ല ബന്ധമായിരുന്നു സൂക്ഷിച്ചിരുന്നത്. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. ഏവരുമായും നല്ല സൗഹൃദം നിലനിര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നതായും ഏവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
ബഷീര്‍ എം.കെ യുടെ വേര്‍പാടില്‍ ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം അനുശോചനം അര്‍പ്പിച്ചു. തന്റെ നാലു പതിറ്റാണ്ട് കാലത്തെ പ്രവാസ പൊതു ജീവിതത്തില്‍ ജീവകാരുണ്യരംഗത്ത് ഒട്ടനവധി നന്മകള്‍ ചെയ്യാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ വലിയ മനസ്സായിരുന്നു എന്ന കാര്യം ഫോറം അനുസ്മരിച്ചു. കുടുംബത്തിന്റെ വലിയ നഷ്ടത്തിലും ദുഖത്തിലും ഫോറം അംഗങ്ങള്‍ പങ്ക് ചേരുന്നതായി പത്രകുറിപ്പില്‍ അറിയിച്ചു.