മനാമ: കൊവിഡ് -19 ന് ശേഷമുള്ള റിക്കവറി പദ്ധതികളിൽ സ്ത്രീകളുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യങ്ങൾ സമന്വയിപ്പിക്കണമെന്ന് സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്‌സിഡബ്ല്യു) ആവശ്യപ്പെട്ടു. തീരുമാനങ്ങളെടുക്കുന്ന മേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുക, സ്ത്രീകളുടെ മുന്നേറ്റത്തിന് തടസ്സമാകുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി യുഎൻ സുസ്ഥിര വികസന അജണ്ട കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുക, പ്രാദേശികമായും ആഗോളമായും സ്വീകാര്യമാവുന്ന തരത്തിൽ സ്ത്രീ മേഖലയിലെ മികച്ച രീതികളും വിജയകരമായ അനുഭവങ്ങളും കൈമാറുന്നതിനുള്ള പ്ലാറ്റ്‌ഫോമുകൾ സൃഷ്ടിക്കുക എന്നിവ ആവശ്യമാണെന്ന് സുപ്രീം കൗൺസിൽ ഫോർ വിമൻ പറഞ്ഞു.
യുഎഇയുടെ ജനറൽ വിമൻസ് യൂണിയൻ ചെയർപേഴ്‌സൺ, സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ്, കുടുംബവികസന ഫൗണ്ടേഷൻ സുപ്രീം ചെയർവുമൺ ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറക് എന്നിവരുടെ രക്ഷാകർതൃത്വത്തിൽ, യുഎഇ ടോളറൻസ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അധ്യക്ഷത വഹിച്ച 2021ലെ മാതൃദിനം ആഘോഷിക്കുന്ന ഒരു വെബിനാറിൽ പങ്കെടുത്തുകൊണ്ടാണു് ഈ ആവശ്യം ഉന്നയിച്ചത്. ഈ വെബിനാറിൽ അറബ്, പ്രാദേശിക ഉദ്യോഗസ്ഥരും വിദഗ്ദ്ധരുമായ ഉന്നതരും പങ്കെടുത്തു.
എല്ലാ വികസന, മാനുഷിക മേഖലകളിലും ലിംഗ സന്തുലിതാവസ്ഥ കൈവരിക്കുക, ദേശീയ വികസനത്തിലും, സാമൂഹിക സ്ഥിരതയിലും, സ്ത്രീകളുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങി, സ്ത്രീകളുടെ പുരോഗതി വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും രാജ്യം പിന്തുണ അറിയിച്ചു.