പ്രവാസി കൂട്ടായ്മയായ ‘സ്പാർക്’; ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

മനാമ: ലോകമെമ്പാടുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവാസികൾ തന്നെ രൂപം കൊടുത്ത കൂട്ടായ്മയായ സ്പാർക് (സൊസൈറ്റി ഫോർ പ്രവാസി എയ്ഡ് & റീ ഹാബിലിറ്റേഷൻ ഓഫ് കേരളൈറ്റ്സ്) സൊസൈറ്റിയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് (മാർച്ച് 26ന്) ഇൻഡ്യൻ സമയം വൈകിട്ട് 4.30ന് ഓൺലൈനായി നിർവഹിക്കും. ജീവ കാരുണ്യ പ്രവർത്തകനായ ഡേവിസ് ചിറമേൽ, സഫാരി ടിവി ഉടമയും യാത്രികനുമായ സന്തോഷ് ജോർജ്ജ് കുളങ്ങര, പ്രമുഖ ഭരണകാര്യ വിദഗ്ധനും ഗ്രന്ഥകർത്താവും ആയ ഡോ.സി.വി ആനന്ദ ബോസ് ഐ.എ.എസ്, സാമൂഹിക പ്രവർത്തകനായ ഷിഹാബ് കൊട്ടുകാട് എന്നിവർ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും.

ഇൻഡ്യൻ സൊസൈറ്റീസ് ആക്ട് അനുസരിച്ച് കേരളത്തിൽ രജിസ്റ്റർ ചെയ്ത ഈ സൊസൈറ്റിക്ക് കണ്ണൂർ ജില്ലയിൽ രജിസ്റ്റേർഡ് ഓഫീസും എറണാകുളത്ത് റീജിയണൽ ഓഫീസും ഉണ്ട്. സേവ്യർ കടന്നുക്കരി ചെയർമാൻ, ഷെറിൻ ജോസഫ് സെക്രട്ടറി, ചാക്കോ മാത്യു ട്രഷറർ, മുജീബ് റഹമാൻ വൈസ് ചെയർമാൻ, ടോമി ജോർജ്ജ് ജോയിന്റ് സെക്രട്ടറി എന്നിവരോടൊപ്പം മുഹമ്മദ് അഷറഫ്, ഗിരീവ് കുമാർ, റിനു തോമസ്, ഗ്ലീറ്റസ് മാത്യു എന്നിവർ യഥാക്രമം പ്രോജക്റ്റ്സ് & പ്രോഗ്രാംസ്, ഹ്യൂമൻ റിസോഴ്സസ്, വെൽഫയർ & ചാരിറ്റി, ഐടി & മീഡിയ എന്നി വിഭാഗങ്ങളുടെ ചുമതലക്കാരുമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് രോഗിയായ ഒരു വീട്ടമ്മക്ക് കൊടുക്കുന്ന ചികിത്സാ സഹായത്തിന്റെ ആദ്യ ഗഡു കൈമാറ്റം, സൊസൈറ്റിയുടെ വെബ്സൈറ്റിന്റെ ലോഞ്ചിങ്, ആദ്യ ബിസിനസ് സംരഭത്തിന്റെ ലോഗോ പ്രകാശനം, പ്രാഥമിക അംഗത്വ വിതരണം, ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ഒരു പ്രവാസിക്ക് സൊസൈറ്റിയിൽ ആദ്യ അപ്പോയ്ന്റ്മെന്റ് നൽകൽ, ഔദ്യോഗിക വാർത്താ പത്രികയുടെ പ്രകാശനം എന്നിവ നടക്കുന്നതാണ്.

സൊസൈറ്റിയുടെ ഏറിയ പങ്ക് കാര്യങ്ങളും വെബ്സൈറ്റിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്. അംഗത്വ രജിസ്ട്രേഷൻ, പണ ഇടപാടുകൾ, തൊഴിലുടമകൾക്ക് യോഗ്യരായ തൊഴിലാളികളെ കണ്ടെത്തുന്നതിനും തൊഴിലന്വേഷകർക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്തന്നതിനുമുള്ള ജോബ് എക്സ്ചേഞ്ച്, നിയമോപദേശങ്ങൾ, കൗൺസലിംഗ്, അംഗങ്ങൾക്കുള്ള സംശയ നിവാരണങ്ങൾ, അവശ്യ സേവന സൈറ്റുകളുടെ ലിങ്കുകൾ, വിൽക്കൽ വാങ്ങൽ ഇടപാടുകൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഉപയോക്താക്കളുടെ സൗകര്യാർത്ഥം ഈ ഡിജിറ്റൽ സേവനങ്ങളെല്ലാം മൊബൈലിൽ ലഭിക്കുന്നതിന് ഒരു മൊബൈൽ ആപ്പും തയ്യാറായിട്ടുണ്ട്. വാർത്ത സമ്മേളനത്തിൽ സേവ്യർ കടന്നുക്കരി (ചെയർമാൻ), ഷെറിൻ ജോസഫ് (സെക്രട്ടറി), മുജീബ് റഹമാൻ (വൈസ് ചെയർമാൻ), ഡിനു ഡാനിയൽ (ഉത്ഘാടന കമ്മിറ്റി കൺവീനർ), മുഹമ്മദ് അഷറഫ് (പ്രോജക്റ്റ്സ് & പ്രോഗ്രാംസ് കൺവീനർ), ഗ്ലീറ്റസ് മാത്യു (ഐടി & മീഡിയ കൺവീനർ) എന്നിവർ സംബന്ധിച്ചു.