മനാമ: മുഹറഖിലെ ബുസൈതീനെ മനാമയിലെ ബഹ്റൈൻ ബേയുമായി ബന്ധിപ്പിക്കുന്ന നാലാമത്തെ പാലം നിർമാണത്തിനുള്ള ഒരുക്കങ്ങളുടെ ആകാശ ചിത്രം പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയം പുറത്തുവിട്ടു. ഒന്നും രണ്ടും ഘട്ട കടൽനികത്തൽ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
മുഹറഖ് റിങ് റോഡിൻറെ തുടർച്ചയായാണ് പാലത്തിൻറെ രണ്ടാം ഘട്ട ഡ്രെഡ്ജിങ് പ്രവൃത്തി നടക്കുന്നത്. മുഹറഖ് ദ്വീപിൻറെ വടക്കുഭാഗത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന നാലാമത്തെ പാലത്തിന് 94 മില്യൺ ദീനാറാണ് അനുവദിച്ചിരിക്കുന്നത്. സൗദി അറേബ്യ ഗ്രാൻറായി നൽകുന്നതാണ് ഈ തുക.
രണ്ടു ദിശകളിലേക്കും അഞ്ചുവരിപ്പാതയായാണ് പാലം നിർമിക്കുന്നത്. 550 മീറ്റർ നീളത്തിൽ അൽ സയ്യാഹ് മേഖലയെയും ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബറിനെയും ബന്ധിപ്പിക്കുന്ന കടൽപ്പാലവും പദ്ധതിയുടെ ഭാഗമാണ്.