ഭാര്യമാരെ ഉപേക്ഷിച്ചുപോയ 45 ഇന്ത്യൻ പ്രവാസികളുടെ പാസ്‍പോര്‍ട്ട് റദ്ദാക്കിയതായി വനിതാ ശിശുവികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധി അറിയിച്ചു. വിവാഹ ശേഷം ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളയുന്ന പ്രവാസികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച നോഡല്‍ ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാസ്‍പോര്‍ട്ട് റദ്ദാക്കിയത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ അധ്യക്ഷതയിലാണ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.
ഇത്തരത്തിൽ ഭാര്യമാരെ ഉപേക്ഷിച്ച് കടന്നു കളയുന്നവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രവാസികളായ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്ന. ബില്‍ രാജ്യസഭ പാസാക്കാനിരിക്കെയാണ് നടപടി. വിദേശകാര്യമന്ത്രാലയം, വനിതാ ശിശുവികസന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ നീതി മന്ത്രാലയം എന്നിവര്‍ ചേര്‍ന്ന് സംയുക്തമായാണ് ബില്‍ കൊണ്ടുവന്നിരുന്നത്.