മനാമ: ഈ വർഷത്തെ ഫോർമുല വൺ ബഹ്റൈൻ ഗ്രാൻ്റ് പ്രീ മത്സരങ്ങൾക്ക് ബഹ്റൈൻ ഇൻ്റർനാഷണൽ സർക്യൂട്ടിൽ കൊടിയേറി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെ നടന്ന ആദ്യ പ്രാക്ടിസ് മത്സരത്തിലും(ഒരു മിനിറ്റ് 31.314 സെക്കൻറ്) വൈകീട്ട് ആറു മുതൽ ഏഴു വരെ നടന്ന രണ്ടാം പ്രാക്ടിസ് മത്സരത്തിലും (ഒരു മിനിറ്റ് 30.847 സെക്കൻ്റ്) റെഡ്ബുൾ താരം മാക്സ് വെർസ്റ്റാപ്പെൻ ഒന്നാമതായി ഫിനിഷ് ചെയ്തു. ആദ്യ മത്സരത്തിൽ 0.298 സെക്കൻ്റുകളുടെ വ്യത്യാസത്തിൽ മെഴ്സിഡസിൻ്റെ വാൾട്ടേരി ബൊട്ടാസ് രണ്ടാമതായും തുടർന്ന് ലാൻ്റോ നോരിസ് (മക്ലാരൻ), ലൂയിസ് ഹാമിൽട്ടൽ (മെഴ്സിഡസ്), ചാൾസ് ലെ ക്ലാർക് (ഫെരാരി), സെർജിയോ പെരേസ് (റെഡ്ബുൾ)…. എന്നിവരും ഫിനിഷ് ചെയ്തു.
Full FP1 results rundown 👀#BahrainGP 🇧🇭 #F1 pic.twitter.com/9TaGKmWXnz
— Formula 1 (@F1) March 26, 2021
രണ്ടാം പ്രാക്ടീസ് മത്സരത്തിൽ 0.095 സെക്കൻ്റുകളുടെ വ്യത്യാസത്തിലാണ് മക്ലാരൻ്റെ ലാൻ്റോ നോരിസ് വെഴ്സ്റ്റാപ്പന് തൊട്ടു പിന്നിലായി ഫിനിഷ് ചെയ്തത്.
Jump aboard with @Max33Verstappen for the quickest lap of Friday evening 🔥#BahrainGP 🇧🇭 #F1 @redbullracing pic.twitter.com/bCZGByuyJk
— Formula 1 (@F1) March 26, 2021
നാളെ, മാർച്ച് 27ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നാലു വരെ മൂന്നാം പ്രാക്ടിസ് നടക്കും. വൈകീട്ട് ആറു മുതൽ ഏഴു വരെയാണ് യോഗ്യത മത്സരം. ഞായറാഴ്ച വൈകീട്ട് ആറു മുതൽ എട്ടു വരെയാണ് ഫൈനൽ റേസ് നടക്കുക.
കഴിഞ്ഞ സീസണിൽ രണ്ടു മത്സരങ്ങൾക്ക് ബഹ്റൈൻ വേദിയായിരുന്നു. മാർച്ചിൽ നടക്കാനിരുന്ന മത്സരം കോവിഡ് കാരണം നീട്ടിവെച്ചതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് നവംബർ, ഡിസംബർ മാസങ്ങളിലാണ് ബഹ്റൈൻ ഗ്രാൻഡ് പ്രി, സാഖിർ ഗ്രാൻഡ് പ്രി എന്നിങ്ങനെ രണ്ടു മത്സരങ്ങൾ നടന്നത്.
ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരത്തിൽ മെഴ്സിഡസിൻ്റെ ലൂയിസ് ഹാമിൽട്ടനായിരുന്നു ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. സീസണിലെ തുടർച്ചയായ 11ാം ജയത്തോടെയാണ് ഹാമിൽട്ടൺ ലോക ചാമ്പ്യൻ കിരീടം നിലനിർത്തിയത്. എന്നാൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിസംബറിൽ നടന്ന സാഖിർ ഗ്രാൻഡ് പ്രി യിൽ ഹാമിൽട്ടന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. രണ്ടാമത്തെ അന്താരാഷ്ട്ര ഫോർമുല വൺ ഗ്രാൻഡ് പ്രീ ഫൈനൽ മത്സരത്തിൽ മെക്സിക്കൻ താരം സെർജിയോ പെരേസ് ആയിരുന്നു കിരീടം ചൂടിയത്.
കണക്കുകൾ തീർക്കാനും പുതു ചരിത്രം രചിക്കാനും ആരൊക്കെയാകും ഈ സീസണിലെ താരങ്ങൾ എന്നറിയാനുള്ള ആകാംഷയിലാണ് ഫോർമുല വൺ റേസ് പ്രേമികൾ. ഈ സീസണിലെ 23 റേസുകളിൽ ആദ്യത്തേതാണ് ബഹ്റൈനിൽ നടക്കുന്നത്. ഏപ്രിൽ 16 മുതൽ 18 വരെ ഇറ്റലിയിലാണ് രണ്ടാം റൗണ്ട് നടക്കുക. ഇതാദ്യമായി സൗദി അറേബ്യയും ഇത്തവണ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് വേദിയാകുന്നുണ്ട്. ഡിസംബർ മൂന്ന്-അഞ്ച് വരെയാണ് സൗദി ഗ്രാൻഡ്പ്രീ മത്സരങ്ങൾ അരങ്ങേറുക.