മനാമ: 2021 സീസണിലെ ആദ്യ ഫോർമുല വൺ ഗ്രാൻ്റ് പ്രീ മത്സരം ബഹ്റൈൻ ഇൻ്റർനാഷണൽ സർക്യൂട്ടിൽ കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോൾ മൂന്ന് പരിശീലനയോട്ടങ്ങളിലും ശനിയാഴ്ച നടന്ന യോഗ്യതാ മത്സരത്തിലും ഒന്നാമനായി റെഡ്ബുൾ താരം മാക്സ് വെഴ്സ്റ്റാപ്പൻ. ഒരു മിനിറ്റ് 30.499 സെക്കറൻറുകൾക്കാണ് ഫ്ലയിംഗ് ഡച്ച്മാൻ യോഗ്യതാ മത്സത്തിലും ഒന്നാം സ്ഥാനം നിലനിർത്തിയത്. വെറും 0.388 സെക്കൻ്റുകളുടെ വ്യത്യാസത്തിൽ നിലവിലെ ലോക ചാമ്പ്യൻ മെഴ്സിഡസ് താരം ലൂയിസ് ഹാമിൽട്ടൻ രണ്ടാമതായി ഫിനിഷ് ചെയ്തു. മെഴ്സിഡസിൻ്റെ തന്നെ വാർട്ടേരി ബൊട്ടാസ് 0.589 സെക്കൻ്റ്കളുടെ വ്യത്യാസത്തിൽ മൂന്നാമതായും ഫെരാരി താരം ചാൾസ് ലെ ക്ലാർക് 0.681 സെക്കൻ്റ്കളുടെ വ്യത്യാസത്തിൽ നാലാമതായും യോഗ്യതാ മത്സരത്തിൻ്റെ ഫിനിഷിംഗ് ലൈൻ തൊട്ടു.
He's been unstoppable so far on our opening race weekend of 2021 👏
And @Max33Verstappen was too quick for the rest in Saturday's race for pole 🚀#BahrainGP 🇧🇭 #F1 pic.twitter.com/846mv6KBDQ
— Formula 1 (@F1) March 27, 2021
യോഗ്യതാ മത്സര ഫലത്തിൻ്റെ അടിസ്ഥാനത്തിൽ 20 പോൾ പൊസിഷനുകളിൽ ഒന്നാമനായി മാക്സ് വെഴ്സ്റ്റാപ്പനാകും ഫൈനൽ റേസിനണിനിരക്കുക. ലൂയിസ് ഹാമിൽട്ടൻ (മെഴ്സിഡസ്), വാൾട്ടേരി ബൊട്ടാസ് (മെഴ്സിഡസ്), ചാൾസ് ലെക്ലാർക് (ഫെരാരി), പിയർ ഗാസ്ലി (അൽഫ ടൗരി) എന്നിവരാണ് വെഴ്സ്റ്റാപ്പന് പിറകെ ആദ്യ അഞ്ച് പോൾ പൊസിഷനുകളിൽ 2021 ലെ ആദ്യ ടൈറ്റിൽ കിരീടത്തിനായി ട്രാക്കിലിറങ്ങുന്നത്. യോഗ്യതാ മത്സരത്തിൽ ഒടുവിലായ് ഫിനിഷ് ചെയ്ത ഹാസ് താരം നികിറ്റ മേസ്പിൻ ഇരുപതാമത്തെ പോൾ പൊസിഷനിൽ റേസിനിറങ്ങും.
ഞായറാഴ്ച വൈകിട്ട് ആറ് മുതൽ ഏഴ് വരെയാണ് ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻ്റ് പ്രീയുടെ ഫൈനൽ അരങ്ങേറുക.
കണക്കുകൾ തീർക്കാനും പുതു ചരിത്രം രചിക്കാനും കിരീടം നിലനിർത്താനും തങ്ങളുടെ പ്രിയ താരങ്ങൾക്ക് സാധിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് ഫോർമുല വൺ റേസ് പ്രേമികൾ. ഈ സീസണിലെ 23 റേസുകളിൽ ആദ്യത്തേതാണ് ബഹ്റൈനിലേത് എന്നതിനാൽ ചാമ്പ്യൻ പട്ടത്തിലേക്കുള്ള ആത്മവിശ്വാസങ്ങൾക്കുള്ള കരുത്താകും വിജയിയെ കാത്തിരിക്കുക. ഏപ്രിൽ 16 മുതൽ 18 വരെ ഇറ്റലിയിലാണ് രണ്ടാം റൗണ്ട് നടക്കുക. ഇതാദ്യമായി സൗദി അറേബ്യയും ഇത്തവണ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് വേദിയാകുന്നുണ്ട്. ഡിസംബർ മൂന്ന്-അഞ്ച് വരെയാണ് സൗദി ഗ്രാൻഡ്പ്രീ മത്സരങ്ങൾ അരങ്ങേറുക.