ഉന്നത തസ്‍തികകളില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കി ബഹ്‌റൈൻ

മനാമ: ബഹ്റൈനില്‍ ഉന്നത തസ്‍തികകളില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനവുമായി അധികൃതര്‍ മുന്നോട്ട്. 2019 മുതലുള്ള കാലയളവില്‍ 66 സ്വദേശികളെ മുനിസിപ്പാലിറ്റി, നഗരകാര്യ, പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉന്നത തസ്‍തികകളില്‍ നിയമിച്ചതായി മന്ത്രി ഇസ്സാം ഖലാഫ് പറഞ്ഞു. ഇതോടെ ഇടത്തരം, ഉയര്‍ന്ന സ്ഥാനങ്ങളിലെ ഭരണപരമായ ചുമതലകളില്‍ 90 ശതമാനവും സ്വദേശികളെ നിയമിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

വകുപ്പ് തലവന്മാരുടെയും യൂണിറ്റു് മേധാവികളുടെയും തസ്‍തികകള്‍ സ്വദേശികള്‍ക്ക് നല്‍കുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൊതുമേഖലയിലെ സുപ്രധാന സ്ഥാനങ്ങള്‍ സ്വദേശികള്‍ക്ക് നല്‍കി അവരെ ശാക്തീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടികള്‍. മന്ത്രാലയത്തില്‍ പുതിയതായി ജോലിയില്‍ പ്രവേശിപ്പിച്ച സ്വദേശി എഞ്ചിനീയര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി അടിസ്ഥാന സൗകര്യം, റോഡുകള്‍, സാനിറ്ററി ഡ്രെയിനേജ്, പൊതു പാര്‍ക്കുകള്‍, ഗാര്‍ഡനുകള്‍ തുടങ്ങിയവയുടെ നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാന്‍ പ്രാപ്‍തരാക്കുമെന്നും മന്ത്രി പറഞ്ഞു.