മ്യാൻമർ: സായുധസേനാദിനമായ ശനിയാഴ്ച മ്യാന്‍മാറില്‍ ജനകീയ പ്രക്ഷോഭത്തിന് നേരെ നരനായാട്ട് നടത്തി സൈന്യം. സൈനിക വെടിവയ്പ്പിൽ ഇന്നലെ മാത്രം 114 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രക്ഷോഭകരെ കണ്ടാലുടൻ വെടിവയ്ക്കണമെന്ന സൈനിക മേധാവിയുടെ നിർദേശം അണുവിട തെറ്റാതെ പാലിക്കുകയാണ് സൈന്യം.
യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് കുഞ്ഞുങ്ങളെന്നുപോലും നോക്കാതെ സൈന്യത്തിന്റെ കൂട്ടക്കുരുതി. ഫെബ്രുവരിയിലെ പട്ടാള അട്ടിമറിക്ക് ശേഷം തുടങ്ങിയ ജനകീയ പ്രക്ഷോഭത്തിൽ തോക്കിൻ മുമ്പിൽ പൊലിഞ്ഞത് 400 ലേറെ ജീവനുകളാണ്. യൂറോപ്യൻ യൂണിയനും യുഎസും മ്യാന്മറിന് നേരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റഷ്യയുടേയും ചൈനയുടെയും പിന്തുണയുടെ കരുത്തിലാണ് സൈന്യത്തിന്റെ കൂട്ടക്കുരുതി.