മനാമ: രണ്ടായിരത്തിലേറെ ഇന്ത്യക്കാരെ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടുപയോഗിച്ചു നാട്ടിലെത്തിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാമിനു ലഭിച്ച വിവരാവകാശ മറുപടിയിലാണ് വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡിനെ തുടര്‍ന്ന് നിരവധിയായ പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുകയും നാട്ടിലേക്കു എത്താനും മറ്റും പ്രയാസം അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടുപയോഗിച്ചു അര്‍ഹതപ്പെട്ടവരെ നാട്ടില്‍ എത്തിക്കണമെന്ന അവശ്യമുന്നയിച്ചു കൊണ്ട് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഒരു നിവേദനം ആയി പരിഗണിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കോവിഡ് കാലത്തു എത്ര ആളുകള്‍ക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടിന്റെ ആനുകൂല്യം ലഭിച്ചു എന്ന കണക്കാണ് വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
പാവപ്പെട്ട പ്രവാസികള്‍ക്കു സൗജന്യ നിയമ സഹായവും സൗജന്യ വിമാന ടിക്കറ്റും മറ്റും നല്‍കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒരു പദ്ധതി ആണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് എന്ന് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈന്‍ കണ്‍ട്രി ഹെഡ് സുധീര്‍ തിരുനിലത്ത്, ബഹ്റൈന്‍ കോഓര്‍ഡിനേറ്റര്‍ അമല്‍ദേവ് എന്നിവര്‍ അറിയിച്ചു.