മനാമ: ബഹ്റൈനിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതന സംരക്ഷണ സംവിധാനം മേയ് ഒന്നുമുതൽ പ്രാബല്യത്തിൽവരുമെന്ന് തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രിയും ലേബർ മാർക്കറ്റ് റേഗുലേറ്ററി അതോറിറ്റി (LMRA) ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. ഇത് നടപ്പാക്കാനുള്ള സമയക്രമം മന്ത്രിസഭ യോഗം അംഗീകരിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് കൃത്യസമയത്ത് നൽകുന്നുവെന്ന് ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിൻറെ ലക്ഷ്യം.
മൂന്നു ഘട്ടങ്ങളായാണ് തീരുമാനം നടപ്പാക്കുക. 500 തൊഴിലാളികളിൽ കൂടുതലുള്ള സ്ഥാപനങ്ങളാണ് ആദ്യ ഘട്ടത്തിൽ വരുന്നത്. ഈ സ്ഥാപനങ്ങൾ മേയ് ഒന്നുമുതൽ തീരുമാനം നടപ്പാക്കണം.
50 മുതൽ 499 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ രണ്ടാം ഘട്ടത്തിലാണ് വരുന്നത്. ഈ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്നുമുതലും മൂന്നാം ഘട്ടത്തിൽ വരുന്ന ഒന്നുമുതൽ 49 വരെ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾ 2022 ജനുവരി ഒന്നു മുതലും തീരുമാനം നടപ്പാക്കണം. പ്രതിമാസ വേതനം കൃത്യസമയത്ത് നൽകിയില്ലെങ്കിൽ പിഴ ചുമത്തുന്നതിനൊപ്പം ക്രിമിനൽ നടപടിയും സ്വീകരിക്കും. ഇത്തരം ശിക്ഷാനടപടികൾ ക്രമേണയാണ് നടപ്പാക്കുക.
തൊഴിൽ തർക്കങ്ങൾ ഇല്ലാതാക്കി മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തുന്ന പുതിയ സംവിധാനം ഉൽപാദനക്ഷമത വർധിപ്പിക്കുമെന്നും ബിസിനസ് വളർച്ച ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പുതിയ തീരുമാനം അനുസരിച്ച്, ബഹ്റൈൻ സെൻട്രൽ ബാങ്കിൻറെ ലൈസൻസുള്ള ബാങ്കുകളുടെ ഏതെങ്കിലും പേയ്മെൻറ് സംവിധാനം ഉപയോഗിച്ച് തൊഴിലാളികൾക്ക് വേതനം നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. തീരുമാനം നടപ്പാക്കുന്നതിന് തൊഴിലുടമകൾക്ക് ആറു മാസത്തെ ഗ്രേസ് പീരിയഡും അനുവദിക്കും. ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ തീരുമാനം നിർബന്ധമാക്കിയിട്ടില്ല.
പുതിയ തീരുമാനം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണെന്ന് മന്ത്രി വ്യക്തമാക്കി. തൊഴിൽ കരാറിൽ പറഞ്ഞിരിക്കുന്ന വേതനം തൊഴിലാളികൾക്ക് ലഭിക്കുന്നുവെന്ന് ഇത് ഉറപ്പുവരുത്തും. നിർബന്ധിത ജോലിക്കായി മനുഷ്യക്കടത്ത് നടത്തുന്നത് ഇല്ലാതാക്കാനും ഇത് സഹായിക്കും.
ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ട തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ഈ തീരുമാനം അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ബഹ്റൈൻ രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് വിശദീകരിച്ചു.