മനാമ: 2021ലെ ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് ൻറെ വൻ വിജയത്തിൽ പങ്കാളികളായവരെ പ്രകീർത്തിച്ച് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. ഇന്നലെ ഫൈനൽ മത്സരം ആരംഭിക്കുന്നതിന് മുമ്പ് ടീമുകളെയും കാണികളെയും കാണാനായി ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (ബിഐസി) പ്രധാനമന്ത്രി സന്ദർശിചിരുന്നു.
കൊറോണ വൈറസ് ബാധയെത്തുടർന്നുണ്ടായ വെല്ലുവിളികൾക്കിടയിലും പ്രധാനപ്പെട്ട എല്ലാവിധ ആരോഗ്യ, മുൻകരുതൽ നടപടികളും സ്വീകരിച്ചുകൊണ്ട് ഈ വർഷത്തെ അന്താരാഷ്ട്ര മത്സരം നടപ്പാക്കുന്നതിനുള്ള ടീം ബഹ്‌റൈന്റെ ശ്രമത്തെ സന്ദർശന വേളയിൽ അദ്ദേഹം പ്രശംസിച്ചു.
2004 മുതൽ ഫോർമുല 1 മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലും പ്രധാന അന്താരാഷ്ട്ര കായിക മേളകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലും, ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ വിജയത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോർമുല 1 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിലുള്ള വിജയം കൂടുതൽ നേട്ടങ്ങളിലേക്കുള്ള പ്രചോദനമാണെന്നും, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള, രാജ്യത്തിന്റെ സമഗ്രവികസനത്തെ ഇത് പിന്തുണയ്ക്കുന്നുവെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ സർക്കാർ ഏജൻസികളിൽ നിന്നുള്ള സംഘാടകർ, മെഡിക്കൽ സ്റ്റാഫ്, സൈനിക, സുരക്ഷാസഹായികൾ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് നന്ദി അറിയിച്ച അദ്ദേഹം പശ്ചിമേഷ്യയിലെ മോട്ടോർസ്പോർട്ടിന്റെ കേന്ദ്രമായി ബഹ്‌റൈൻ തുടരുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
വിജയത്തിന് നേതൃത്വം വഹിച്ച കിരീടാവകാശിയെ രാജാവും വിവിധ മന്ത്രാലയങ്ങളും അഭിനന്ദനങ്ങൾ അർപ്പിച്ചു.