മനാമ: ഫോര്‍മുല വണ്‍ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിക്കാനായത് നേട്ടമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഗള്‍ഫ് എയര്‍ ഗ്രാൻഡ് പ്രീ മത്സരങ്ങള്‍ കോവിഡ് പ്രതിസന്ധിക്കിടയിലും ഭംഗിയായി നടത്താന്‍ കഴിഞ്ഞത് ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങളില്‍ മുഖ്യമാണെന്ന് അംഗങ്ങള്‍ പറഞ്ഞു.
ബഹ്റൈെൻറ ഉറച്ച തീരുമാനവും സംഘാടനത്തിലെ മികവും മെഡിക്കല്‍ ടീമിെൻറ പഴുതടച്ച പ്രവര്‍ത്തനവും സുരക്ഷ ഒരുക്കുന്നതിലെ ജാഗ്രതയുമാണ് ഗ്രാൻഡ് പ്രീ വിജയകരമാക്കിയത്. ഇത്തരം മത്സരങ്ങള്‍ നടത്തി വിജയിപ്പിക്കാന്‍ ബഹ്റൈന്‍ സാധ്യമാണെന്നതിെൻറ തെളിവാണ് ഇതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫ വ്യക്തമാക്കി.രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുമായി സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് ആല് ഖലീഫ ഓണ്‍ലൈനില്‍ നടത്തിയ ചര്‍ച്ച ഫലപ്രദവും പ്രതീക്ഷയുയര്ത്തുന്നതാണെന്നും കാബിനറ്റ് വിലയിരുത്തി.
‘ഹരിത സൗദി, ഹരിത മിഡിൽ ഇൗസ്റ്റ്’ സംരംഭങ്ങളുടെ പ്രഖ്യാപനത്തോടനുബന്ധിച്ചായിരുന്നു ചര്‍ച്ച. പദ്ധതികള്‍ക്ക് ഹമദ് രാജാവ് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും സഹകരണത്തിനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. യമനിലെ പ്രതിസന്ധി പരിഹരിക്കാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സമാധാനം സ്ഥാപിക്കാനുമുള്ള സൗദി പ്രഖ്യാപനത്തെ കാബിനറ്റ് സ്വാഗതം ചെയ്തു. സൗദി ഭരണാധികാരി കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ആല് സുഊദിെൻറ നേതൃത്വത്തില്‍ യമനില്‍ സമാധാനം സാധ്യമാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. മേഖലയില്‍ സമാധാനവും ശാന്തിയും സാധ്യമാക്കാന്‍ ഇതിലൂടെ സാധ്യമാകുമെന്ന പ്രതീക്ഷയും കാബിനറ്റ് പങ്കുവെച്ചു.
ഈജിപ്തിലുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്കായി മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങിയുണ്ടായ ഗതാഗത തടസ്സം പരിഹരിക്കാന്‍ ഈജിപ്ത് നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ചു. ബഹ്റൈന്‍ പാരമ്പര്യ, സാംസ്കാരിക അതോറിറ്റിയും ചൈനീസ് സാംസ്കാരിക, പാരമ്പര്യ, ടൂറിസം മന്ത്രാലയവും തമ്മില്‍ 2021-2025 കാലത്തേക്ക് വിവിധ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാനുള്ള സഹകരണക്കരാറില്‍ ഒപ്പുവെക്കാന്‍ നിയമകാര്യ മന്ത്രിതല സമിതി അംഗീകാരം നല്കി.