മനാമ: ഓൺലൈനിൽ നടന്ന ദേശീയ എയ്ഡ്സ് പ്രതിരോധ സമിതി യോഗത്തിൽ ആരോഗ്യമന്ത്രി ഫൈക ബിന്ത് സയീദ് അൽ സലേഹ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രാലയങ്ങളുടെയും ഔദ്യോഗിക സ്ഥാപനങ്ങളുടെയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിനായി സമിതിയ്ക്ക് ഒരു വെബ്സൈറ്റ് സ്ഥാപിക്കാനുള്ള നിർദ്ദേശം യോഗത്തിൽ ചർച്ച ചെയ്തു.
ഉപസമിതികളുടെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് എയ്ഡ്‌സ് നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രാദേശികവും അന്തർദ്ദേശീയവുമായ വാർത്തകൾ പേജിൽ നൽകിക്കൊണ്ട് ജൂണിൽ നടക്കുന്ന അടുത്ത സമിതിയോഗത്തിൽ ഈ വെബ്‌സൈറ്റ് ഔദ്യോഗികമായി ആരംഭിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
ബഹ്‌റൈൻ വിഷൻ 2030, ദേശീയ ആരോഗ്യ പദ്ധതി 2016-2025, സർക്കാർ കർമ്മപദ്ധതി 2018-2022 എന്നിവയ്‌ക്ക് അനുസൃതമായി എയ്‌ഡ്‌സിനെ പ്രതിരോധിക്കാനുള്ള 2020-2025 പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിരന്തരമായ പ്രവർത്തനങ്ങൾ സ്ഥിരീകരിച്ചുകൊണ്ട് എയ്ഡ്‌സിനെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ പദ്ധതി, ഉപസമിതികളുടെ പ്രവർത്തനങ്ങൾ, സമിതിയുടെ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി അവയുടെ പദ്ധതികൾ നടപ്പിലാക്കൽ എന്നിവ യോഗം അവലോകനം ചെയ്തു.
സമിതിയുടെ ബജറ്റ്, എയ്ഡ്സ് പ്രോഗ്രാമുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടേയും, സ്ഥിതിവിവര റിപ്പോർട്ടിൻ്റേയും അന്തിമരൂപം, നേട്ടങ്ങൾ, എയ്ഡ്സിന്റെ ചരിത്രം, ബഹ്‌റൈനിലെ എയ്ഡ്സ് രോഗികളുടെ ചികിത്സയെ സംബന്ധിച്ച കാര്യങ്ങൾ എന്നിവയും യോഗത്തിൽ ചർച്ച ചെയ്തു.