മനാമ: സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിൻ്റെ പ്രവര്‍ത്തനം സാങ്കേതികത്തികവോടെ മുന്നോട്ടുപോകുന്നതായി ആഭ്യന്തര മന്ത്രി ലഫ്. കേണല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വിലയിരുത്തി. കഴിഞ്ഞ ദിവസം സിവില്‍ ഡിഫന്‍സ് വിഭാഗം കാര്യാലയത്തിലെത്തിയ അദ്ദേഹം, ദുരന്ത മുഖത്ത് ചടുലതയോടെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അഭിമാനമുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരുടെ കാഴ്ചപ്പാടുകളും പിന്തുണയും സൈനിക, സുരക്ഷ മേഖലകളില്‍ കഴിവുറ്റ ടീമിനെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അപകടകരമായ വസ്തുക്കള്‍ സൂക്ഷിക്കുന്നത് കണ്ടെത്താൻ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റി രൂപവത്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് പദ്ധതി തയാറാക്കിയിട്ടുണ്ട്. സുരക്ഷ സുപ്രധാനമായി കരുതുന്നതിനാല്‍ ഇക്കാര്യത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.
സ്ഫോടക ശേഷിയുള്ളതും അപകടകരവുമായ വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് നിര്‍ണയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയെ പബ്ലിക്ക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് ബിന്‍ ഹസന് അല്‍ ഹസനും സിവില്‍ ഡിഫന്‍സ് ഡയറക്ടറും ചേര്‍ന്ന് സ്വീകരിച്ചു.