മനാമ: കോവിഡ് -19 കാലത്ത് സാമൂഹികപ്രവർത്തനം നടത്തിയവരെ കാപിറ്റൽ ഗവർണറേറ്റ് ആദരിച്ചു. ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്), കെ.എം.സി.സി, സമസ്ത ബഹ്റൈൻ എന്നിവരും ആദരവ് ഏറ്റുവാങ്ങി. കോവിഡ് വ്യാപനത്തെത്തുടർന്ന് ദുരിതത്തിലായ പ്രവാസികളെ സഹായിക്കാൻ മലയാളി കൂട്ടായ്മകൾ സജീവമായി രംഗത്തുണ്ടായിരുന്നു.
ബി.കെ.എസ്.എഫിനുവേണ്ടി രക്ഷാധികാരി ബഷീർ അമ്പലായി, കെ.എം.സി.സി ബഹ്റൈന്‍ വേണ്ടി ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, സമസ്ത ബഹ്റൈന്‍ വേണ്ടി ഓർഗ. സെക്രട്ടറി അഷ്റഫ് കാട്ടില്‍ പീടിക എന്നിവർ കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫയിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി.
കോവിഡ് കാലത്ത് രാപ്പകലില്ലാതെ ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെൽപ്ലൈൻ നടത്തിയ സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഉപഹാരമെന്ന് ബഷീർ അമ്പലായി പറഞ്ഞു. കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ മാസ്ക് വിതരണം ചെയ്ത് ആരംഭിച്ച ബി.കെ.എസ്.എഫ് സേവന പ്രവർത്തനങ്ങൾ പിന്നീട് വിപുലമായ രീതിയിൽ വളരുകയായിരുന്നു. ആയിരക്കണക്കിനാളുകൾക്ക് ഭക്ഷണക്കിറ്റുകൾ നൽകുകയും കോവിഡ് ടെസ്റ്റിന് പോകുന്നവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തുകയും വിമാനയാത്രക്കാർക്ക് സഹായം നൽകുകയും ചെയ്തത് പൊതു സമൂഹത്തിൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രവർത്തനങ്ങളായിരുന്നു .
കോവിഡ് പ്രതിസന്ധികാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഉപഹാരമെന്ന് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ശംസുദ്ദീന്‍ വെള്ളികുളങ്ങര, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും കെ.എം.സി.സിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സഹായ സഹകരണങ്ങളുമായി എത്തിയ ഏവര്‍ക്കും നന്ദിയര്‍പ്പിക്കുന്നതായും ഈ അംഗീകാരം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു. നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് 20ലധികം പദ്ധതികളാണ് കെ.എം.സി.സി ബഹ്റൈന്‍ നടത്തിവരുന്നത്. കോവിഡ് ബോധവത്കരണം, 24 മണിക്കൂര്‍ ഹെല്പ് ഡെസ്ക്, ഭക്ഷ്യക്കിറ്റ് വിതരണം, റമദാന് കിറ്റ് വിതരണം, മെഡിക്കല്‍ ഹെല്പ് ലൈന്‍, സൗജന്യ കുടിവെള്ള വിതരണം, ജീവസ്പര്‍ശം രക്തദാനം, എല്‍.എം.ആര്.എ ഹെല്പ് ഡെസ്ക്, വളൻറിയര്‍ വിങ്, പെരുന്നാള്‍ കിറ്റ് വിതരണം, കാരുണ്യ യാത്ര (സൗജന്യ ടിക്കറ്റ്), കൗണ്‍സലിങ് വിങ്, ക്വാറൻറീന് ഹെല്പ് ഡെസ്ക്, എംബസി ഹെല്പ് ഡെസ്ക്, ചാര്‍ട്ടേഡ് വിമാനം തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍.
ബഹ്റൈനിൽ കൊവിഡ് രൂക്ഷമായ സമയത്ത് വീടുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് വിഖായ വളണ്ടിയർ ടീമിനെ ഉപയോഗപ്പെടുത്തി സമസ്ത നടത്തിയ ഭക്ഷ്യകിററ് വിതരണമുള്‍പ്പെടെയുള്ള സേവനപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിരുന്നു സമസ്ത ബഹ്റൈന്‍ ആദരം. സമസ്തക്ക് ഈ ആദരം ലഭിക്കുന്നതിൽ എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായ വളണ്ടിയേഴ്സ്, ബഹ്റൈനിലുടനീളം പ്രവർത്തിക്കുന്ന സമസ്ത മദ്റസകൾ, ഏരിയാ ഭാരവാഹികൾ എന്നിവരുടെ സേവനങ്ങൾ സഹായകമായതായും ഈ ആദരവ് എല്ലാവർക്കുമായി സമർപ്പിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.