ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ടവോട്ട് ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ജില്ലാ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കുമാണ് ഇരട്ടവോട്ട് തടയുന്നതിനുള്ള ചുമതല. ഇരട്ട വോട്ടുകള്‍ ചെയ്യുന്നുണ്ടോ എന്ന് പ്രിസൈഡിങ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണം. ഇരട്ട വോട്ടിൽ ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടല്‍. വോട്ടര്‍പട്ടികയില്‍ കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ പട്ടിക വരാണാധികാരിക്ക് കൈമാറും.
ഇരട്ടവോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ചെയ്യുന്ന ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കും. ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തിയാല്‍ അവരുടെ ഒപ്പും വിരലടയാളവും ശേഖരിക്കണം. അവരില്‍നിന്നും സത്യവാങ്മൂലവും വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്. ഇരട്ടവോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹർജി പരിഗണിച്ച കോടതി ഇരട്ടവോട്ട് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചിരുന്നു.