മനാമ: കോവിഡ് മുൻകരുതൽ നിർദേശങ്ങൾ എല്ലാവരും പാലിക്കുന്നുവെന്ന് ഉറപ്പാൻ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കുന്നുണ്ടെന്ന് പബ്ലിക് സെക്യൂരിറ്റി മേധാവി ലഫ്. ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ പറഞ്ഞു. വ്യാപാരസ്ഥാപനങ്ങളിലും റസ്റ്റാറൻറുകളിലും പരിശോധന ശക്തമാക്കി. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് എല്ലാ ഗവർണറേറ്റുകളിലും പൊലീസ് അധികാരികൾ നടപടി സ്വീകരിക്കുന്നുണ്ട്. മാസ്ക് ധരിക്കാത്തതിന് ഇതുവരെ 66,714 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 8786 പേർക്കെതിരെയും നടപടി സ്വീകരിച്ചു.
തടവുകാർക്കിടയിൽ കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മുൻകരുതൽ സ്വീകരിക്കുന്നുണ്ട്. പുനരധിവാസകേന്ദ്രങ്ങളിൽ പുതുതായി എത്തുന്നവർക്ക് ക്വാറൻറീൻ നിർബന്ധമാക്കി. സിവിൽ ഡിഫൻസുമായി സഹകരിച്ച് അണുനശീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. രജിസ്റ്റർ ചെയ്ത എല്ലാ തടവുകാർക്കും ഇതിനകം വാക്സിൻ നൽകിക്കഴിഞ്ഞു. ബദൽ ശിക്ഷാനടപടികൾക്ക് അർഹരായ തടവുകാരുടെ പുതിയ പട്ടിക തയാറാക്കി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. തടവുകാരുടെ സ്ഥിതിയെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. ദേശവിരുദ്ധ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.