മനാമ: നാല് വർഷത്തിനകം സർക്കാർ ജോലികൾ പൂർണമായും സ്വദേശി വത്കരിക്കാനുള്ള അടിയന്തിര പ്രമേയത്തിന് ബഹ്‌റൈൻ പാർലിമെന്റ് എം പി മാരുടെ അംഗീകാരം. പാർലമെന്റിലെ ആഴ്ചതോറുമുള്ള സംയുക്ത സമ്മേളനത്തിൽ പാർലിമെന്റ് ആൻഡ് ശുറാ കൌൺസിൽ മന്ത്രി ഘനിം അൽ ബുഅയ്നൈൻ അവതരിപ്പിച്ച പ്രമേയത്തിൽ 85 ശതമാനം പൊതുമേഖലാ തൊഴിലുകളിൽ നിലവിൽ ബഹ്റൈനികൾ ഉണ്ടെന്നു വിലയിരുത്തി. അതെ സമയം സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് സ്വദേശി തൊഴില്‍ ദാന കമ്മിറ്റി അംഗവും എം.പിയുമായ ബാസിം അല്‍ മാലികിയും പറഞ്ഞു. നിലവിൽ ഈ മേഖലകളിളെല്ലാം തന്നെ ബഹ്‌റൈൻ തൊഴിലാളികളുടെ അനുപാതം പരിശോധിക്കേണ്ടതുണ്ടെന്നും കുറ്റമറ്റ രീതിയിൽ പരിഹാരങ്ങളിലേക്ക് നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“രാജ്യത്തിന്റെ സാമ്പത്തികപരമായ സുരക്ഷയും സാമൂഹിക പ്രത്യാഘാതങ്ങളും വിലയിരുത്തേണ്ടതുണ്ട്, വിവിധ മേഖലകളില്‍ വിദേശികളുടെ എണ്ണം വര്‍ധിക്കുന്നത് വലിയ ചര്‍ച്ചയാണ്. ഇക്കാര്യം അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുന്ന അവസ്ഥയല്ല നിവലിലുള്ളത്.” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂള്‍, കോളജ്, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടി ഇറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്, ബഹ്റൈന്‍ എയര്‍പോര്‍ട്ടിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തെ സംബന്ധിച്ചും പഠനം നടത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സ്വദേശികൾക്ക് ചെയ്യാൻ സാധിക്കുന്ന തൊഴിലുകൾ അവർക്കു ലഭ്യമാക്കാൻ സിവില്‍ സര്‍വീസ് ബ്യൂറോ, എല്‍.എം.ആര്‍.എ തുടങ്ങിയ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Image Credit: GDN