‘നന്മ നിറഞ്ഞ കോഴിക്കോട്ടുകാർ’; കാലിക്കറ്റ് പ്രവാസി ഫോറം കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം മാർച്ച് 29 ന്

മനാമ: ബഹ്‌റൈൻ പ്രവാസലോകത്തെ സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയായ ‘നന്മ നിറഞ്ഞ കോഴിക്കോട്ടുകാർ’ എന്ന കാലിക്കറ്റ് പ്രവാസി ഫോറത്തിന്റെ അംഗങ്ങളുടെ കൂടിച്ചേരലും പ്രഥമ ജനറൽ ബോഡി യോഗവും 29. 03. 19 വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് പ്രവാസി മലയാളികളുടെ സാംസ്കാരിക കേന്ദ്രമായ ബഹ്‌റൈൻ കേരളീയ സമാജത്തിലെ ബാബുരാജ് ഹാളിൽ വച്ച് ചേരുമെന്ന്‌ സംഘാടക സമിതി അറിയിച്ചു. പ്രവാസജീവിതത്തിന്റെ സുഖ ദു:ഖങ്ങൾക്കിടയിൽ നാം അനുഭവിക്കുന്ന ഏകാന്തതയും, നിത്യേന വന്നുചേരുന്ന വിവിധ തരം പ്രതിസന്ധികളുടെ സങ്കീർണ്ണമായ പിടിമുറക്കലും, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനു വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുമ്പോൾ ചോദ്യചിഹ്നം കണക്കെ നമ്മളിൽ ഉണ്ടാകുന്ന അസുഖങ്ങളും ശരാശരി പ്രവാസിയുടെ ദൈന്യംദിന പ്രശ്നങ്ങളാണ്. ഇതിനൊക്കെ ഒറ്റയടിക്ക് പരിഹാരം കാണുകയെന്നത്‌ ഒരു പ്രവാസിക്കും സാധ്യമല്ലയെന്ന തിരിച്ചറിവാണ് ഈ കൂട്ടായ്മ രൂപീകരിക്കാൻ കാരണമാകുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു.

വേദനിക്കുന്നവന് ആശ്വാസമേകുവാനും, സഹായമാകുവാനും, പ്രയാസം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുവാനും നമ്മുടെ കേന്ദ്ര സംസ്‌ഥാന സർക്കാരുകളുടെ പ്രവാസികൾക്ക് അനുയോജ്യമായ പദ്ധതികൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും സഹായകമാകും വിധമാകും കൂട്ടായ്മയുടെ രൂപീകരണമെന്നും കോഴിക്കോട് ജില്ലയിലെ എല്ലാ പ്രവാസികളും ഈ സദുധ്യമത്തിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 39091901,39849341,39322860