മനാമ: ദീർഘ നാളായി ഭാരം ചുമന്നുകൊണ്ടുള്ള ജോലിയെ തുടർന്ന് ശാരീരിക പ്രശ്നങ്ങൾ മൂലം കിടപ്പിലായ പത്തനംതിട്ട സ്വദേശി വിനോദിനാണ് ഹോപ്പിന്റെ സഹായം കൈമാറിയത്. അടിയന്തിരമായി ഇടുപ്പ് (ഹിപ്പ് ) മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥയിലുള്ള ഇദ്ദേഹത്തിന് സ്വയം എഴുനേറ്റുനിൽക്കാൻ പോലുമാവാത്ത അവസ്ഥയിലായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്കായി നാട്ടിലേയ്ക്ക് പോകാൻ ടിക്കറ്റിന് പോലും ബുദ്ധിമുട്ടുന്ന ഇദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കി ഹോപ്പ് ഇദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.
യാത്രയ്ക്കാവശ്യമായ ടിക്കറ്റും വീൽ ചെയറും ഹോപ്പിന്റെ പ്രതിനിധി ഫൈസൽ റിദ വിനോദിന് കൈമാറി. കൂടാതെ അംഗങ്ങളിൽ നിന്നും സമാഹരിച്ച 29,500 രൂപ ചികിത്സാ സഹായവും മറ്റ് യാത്രാസൗകര്യങ്ങളും ഒരുക്കിനൽകാൻ ഹോപ്പിന് സാധിച്ചു. ജയേഷ് കുറുപ്പ്, സിബിൻ സലിം, ഗിരീഷ് ജി പിള്ള തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. സഹായിച്ച സുമനസുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസത്തെ എയർ ഇന്ത്യ വിമാനത്തിൽ വിനോദ് നാട്ടിലേയ്ക്ക് യാത്രയായി.