മനാമ: പരിശുദ്ധ റമദാനെ വരവേറ്റുകൊണ്ട് ഒരു വർഷത്തെ ഇടവേളക്ക് ശേഷം ബഹ്റൈനിൽ തറാവീഹ് നമസ്കാരം എല്ലാ പള്ളികളിലും ഇശാ നമസ്കാരാനന്തരം തുടക്കം കുറിച്ചു. കോവിഡ് നിബന്ധനകൾ പാലിക്കേണ്ടത് കൊണ്ട് ഇത്തവണ വാക്സിൻ എടുത്തവർക്കും കോവിഡ് മുക്തരായവർക്കും മാത്രമായിരുന്നു പള്ളിയിൽ പ്രവേശനം ഉണ്ടായിരുന്നത്. വിശ്വാസികളെല്ലാം മാസ്ക് ധരിച്ചു കൊണ്ടും നമസ്കാരത്തിനുള്ള പായകൾ സ്വയം കൊണ്ടുവന്നും നമസ്കാരം നിർവഹിച്ചു. ബാങ്ക് വിളിച്ചത് മുതൽ 40 മിനിറ്റിനുള്ളിൽ തറാവീഹ് നമസ്കാരം അടക്കം നിർവഹിച്ചു. സാമൂഹിക അകലത്തോടെ പള്ളികളെല്ലാം വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു.
സമാന രീതിയിലാവും വരുന്ന വെള്ളിയാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ബഹ്റൈനിലെ പള്ളികളിൽ ജുമാ നമസ്കാരം പുനരാരംഭിക്കുക. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഒരു വർഷത്തോളമായി രാജ്യത്ത് ജുമുഅ നിർത്തി വെച്ചിരിക്കുകയായിരുന്നു.