മനാമ: വര്‍ഷങ്ങളായി പുണ്യമാസമായ റമദാനില്‍ കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈനില്‍ തുടക്കമായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ നടത്തിവരുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് റമദാനിനോടനുബന്ധിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. കാരുണ്യ സ്പര്‍ശം ഭക്ഷ്യക്കിറ്റ്, ഇഫ്താര്‍ കിറ്റ്, കുടിവെള്ള വിതരണം തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടതാണ്. ദുരിമനുഭവിക്കുന്നവരെയും പ്രയാസപ്പെടുന്നവരെയും കണ്ടെത്തിയാണ് ഇഫ്താര്‍ കിറ്റുകള്‍ കെ.എം.സി.സി ബഹ്‌റൈന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. ഇതിനായി പവിഴദ്വീപിലുടനീളം കെ.എം.സി.സി വളണ്ടിയര്‍മാരും കര്‍മനിരതരായി പ്രവര്‍ത്തിക്കുന്നു.
കെ.എം.സി.സിയുടെ കാരുണ്യ രംഗത്തെ വിലമതിക്കാനാവാത്ത പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി റമദാനിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ബഹ്‌റൈന്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റും രംഗത്തെത്തി. അര്‍ഹതപ്പെട്ടവര്‍ക്കുള്ള ഡ്രൈഫുഡ് കിറ്റുകള്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സെന്റര്‍ ഫോര്‍ ചാരിറ്റി ഹെഡ് യൂസഫ് ലോറി കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന സെക്രട്ടറി എ.പി ഫൈസലിന് കൈമാറി.
സിദ്ധീഖ് അദ്‌ലിയ, മൊയ്‌തീൻ പേരാമ്പ്ര, ഹുസൈന്‍ വയനാട്, ലത്തീഫ് തളിപ്പറമ്പ്, ബശീര്‍ തിരുനല്ലൂര്‍, സിറാജ് പേരാമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് വൺ ബഹ്‌റൈൻ എം.ഡി ആന്റണി പൗലോസ് നേതൃത്വം നൽകി.