മനാമ: നീണ്ട ഒരു വർഷത്തെ ഇടവേളക്ക് ശേഷം ബഹ്റൈനിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയായ ജുമുഅ നമസ്കാരം പുനരാരംഭിച്ചു. ജുമുഅ നടത്തുന്ന പള്ളികളുടെ ലിസ്റ്റ് സുന്നി, ജഅ്ഫരി ഔഖാഫുകള് നേരത്തേ ടാസ്ക് ഫോഴ്സ് നിർദ്ദേശാനുസരണം പുറത്തുവിട്ടിരുന്നു.
എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തന്നെയായിരുന്നു നമസ്കാരങ്ങൾ നടത്തപ്പെട്ടത്. കോവിഡ് പ്രതിരോധ വാക്സിന് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും കോവിഡ് രോഗമുക്തി നേടിയവര്‍ക്കും മാത്രമായിരുന്നു പ്രവേശനം. വിശ്വാസികളെല്ലാം മാസ്ക് ധരിച്ചു കൊണ്ടും അവരവർക്കുള്ള നമസ്കാര പായ കൊണ്ടുവന്നും നിശ്ചിത അകലം പാലിച്ചു കൊണ്ട് നമസ്കാരം നിർവഹിച്ചു. ജുമുഅ തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് മാത്രമാണ് പള്ളികള്‍ തുറന്നത്. ഖുതുബയും നമസ്കാരവുമടക്കം 15 മിനിറ്റില്‍ തന്നെ പൂർത്തീകരിച്ചായിരുന്നു വിശ്വാസികൾ പിരിഞ്ഞത്. ജുമുഅ കഴിഞ്ഞ് 20 മിനിറ്റിനുള്ളില്‍ പള്ളികൾ അടക്കണമെന്ന നിർദ്ദേശം നിലനിൽക്കുന്നതിനാൽ ഖുതുബ പരിഭാഷകളോ മറ്റു കൂടിച്ചേരലുകളോ അനുവദിച്ചിരുന്നില്ല.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കൂടിച്ചേരൽ ഒഴിവാക്കുന്നതിനായി 2020 മാർച്ച്28 മുതലാണ് രാജ്യത്ത് ജുമുഅ നമസ്കാരമടക്കമുള്ള പള്ളികളിലെ പ്രാർത്ഥനകൾ എല്ലാം നിർത്തിവെച്ചിരുന്നത്. ഓഗസ്റ്റ് 28 മുതൽ സുബുഹി, നവംബർ 1 മുതൽ ളുഹർ, ഡിസംബർ 6 മുതൽ അസർ നമസ്കാരങ്ങൾ പുനരാരംഭിച്ചുവിരുന്നുവെങ്കിലും രാജ്യത്ത് ജനിതകമാറ്റം വന്ന കോവിഡ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഫെബ്രുവരി 11 മുതൽ വീണ്ടും അടച്ചിടേണ്ടി വരികയായിരുന്നു. തുടർന്ന് 2021 മാർച്ച് 11 മുതൽ ജുമുഅ ഒഴികെയുള്ള അഞ്ച് നേര നമസ്കാരങ്ങൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു