മനാമ: സി ബി എസ് ഇ പത്താം ക്ലാസിലെ പരീക്ഷകൾ റദ്ദാക്കുകയും പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ മാറ്റുകയും ചെയ്തത് പ്രവാസികളായ നിരവധി രക്ഷിതാക്കളെയും വിദ്യാർഥികളെയും ആശങ്കയിലാക്കുന്നു.
ബഹറിനിലെ ഇന്ത്യൻ സ്കൂളുകളായ 6 സിബിഎസ്ഇ സ്കൂളുകളിലായി മൂവായിരത്തോളം വിദ്യാർഥികളാണ് 10, പ്ലസ് ടു ക്ലാസ്സുകളിൽ പഠിക്കുന്നത്. പ്ലസ് ടു ക്ലാസിലെ വിദ്യാർഥികളും അധ്യാപകരും ആണ് ഏറെ പ്രയാസം നേരിടുന്നത്. സാധാരണ ഡിസംബർ-ജനുവരി മാസത്തോടുകൂടി ക്ലാസുകൾ പൂർത്തിയാകും. എന്നാൽ ഇത്തവണ പരീക്ഷ നീട്ടിയതോടെ ഓൺലൈൻ ക്ലാസുകൾ നീട്ടേണ്ടിവന്നു. എന്നാൽ പ്ലസ് വണ്ണിൽ നിന്നും പ്ലസ് ടു വിലയ്ക്ക് എത്തിയ വരെയും പ്ലസ്ടുവിൽ തുടരുന്നവരെയും ഒരുപോലെ ശ്രദ്ധിക്കുകയും പഠിപ്പിക്കുകയും ചെയ്യണ്ട അവസ്ഥയാണ് അധ്യാപകർക്കുള്ളത്.
ജൂൺ ഒന്നിന് സ്ഥിതിഗതികൾ വിലയിരുത്തി പരീക്ഷ നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ഇത് വരെ ഈ പഠനരീതി തുടരേണ്ടി വരും. പത്താം ക്ലാസ്സിലെ കുട്ടികൾക്കായി 2 മോഡൽ പരീക്ഷകളും മദ്ധ്യകാല പരീക്ഷകളും ഇതിനകം നടത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണ്ണയം നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.