അനുഗ്രഹത്തിന്റെ നാളുകൾ ആസ്വാദ്യകരമാക്കുക: അബ്ദുൽ വഹാബ് എഴുതുന്നു

Ramadan feature

പുണ്യ റമദാൻ സമാഗതമായി. അനുഗ്രഹങ്ങളുടെ ദിനങ്ങളിലൂടെ കടന്നു പോകുമ്പോൾ കഴിഞ്ഞുപോയ നോമ്പുകാലം പ്രതികൂലാവസ്‌ഥയിലായിരുന്നെങ്കിലും ഇപ്പോൾ അതിൽ നിന്നും ഒരു ചെറിയ മാറ്റം സൃഷ്ടാവായ നാഥൻ കനിഞ്ഞരുളിയിരിക്കുന്നു. പള്ളികൾ തുറക്കപ്പെട്ടു. ജുമുഅയും തറാവീഹ് നമസ്കാരവും പുനരാരംഭിച്ചു…നാഥന് സ്തുതി.

നോമ്പുകാലം ത്യാഗ സ്മരണകളുടെയും പുണ്യങ്ങളുടേയും പൂക്കാലമാണ്. ഈ പുണ്യകാലം ആത്മ സംയമനത്തോടെയും അതിലുപരി ആത്മാഭിമാനത്താടെയും നമുക്ക് വരവേൽക്കാം. പുതിയ ചുറ്റുപാടുകളിലൂടെ നാഥൻ പരീക്ഷിക്കുന്നതാണെന്ന പൂർണവിശ്വാസത്തിൽ സംയമനത്തോടെ പ്രാർഥനകളിൽ പരസ്പരം മനസ്സു കൊണ്ട് പങ്ക് ചേരാം. മഹാമാരിയുടെ രണ്ടാം വരവിൽ നമ്മേയും കൂടെപ്പിറപ്പുകളെയും അയൽക്കാരെയും ബന്ധുക്കളെയും നാടിനെയും മുഴുവൻ ജനങ്ങളെയും കാത്തുരക്ഷിക്കാൻ നാഥനോട് കരങ്ങളുയർത്തി പ്രാർഥിക്കാം. അറിഞ്ഞോ അറിയാതെയോ തെറ്റുകൾ ചെയ്തുകൂട്ടിയ നാം ആ തെറ്റുകൾ തിരുത്തി ഈ ദിനങ്ങളിൽ മാപ്പപേക്ഷിക്കാം. എല്ലാമറിയുന്ന നാഥന്റെ മുന്നിൽ നമ്മുടെ ദുഖങ്ങൾ ഇറക്കി വെക്കാം. പരീക്ഷണ ഘട്ടത്തെ തിരിച്ചറിവുകളോടെ നേരിട്ട് വിജയം കരസ്ഥമാക്കാൻ ശ്രമിക്കാം. നിയമങ്ങളും നിർദേശങ്ങളും പൂർണമായും
അനുസരിച്ചു ആവേശമോ അഹങ്കാരങ്ങളോ ഇല്ലാതെ പുണ്യ മാസത്തിലെ നൻമകൾ കരസ്ഥമാക്കാം .
ഖുർആൻ മാനവർക്കേകിയ മാസം, ഇബാദത്തുകൾക്ക് എഴുപത് മടങ്ങ് മുതൽ പ്രതിഫലം കിട്ടുന്ന മാസം, ആയിരം രാത്രികൾ ഇബാദത്ത് ചെയ്ത പ്രതിഫലം കിട്ടുന്ന ലൈലത്തുൽ ഖദ്റുള്ള മാസം. പാവപ്പെട്ടവനും പണക്കാരനും അടിമക്കും ഉടമക്കും പരലോക വിജയം കരസ്ഥമാക്കാനുള്ള അവസരങ്ങളുമായി കടന്നെത്തുന്ന പുണ്യ റമളാനിൽ എല്ലാവർക്കും നന്മകളുണ്ടാവട്ടെ, റമദാന്റെ പുണ്യം എല്ലാ കുടുംബങ്ങളിലും പ്രതിഫലിക്കട്ടെ. മനുഷ്യരുടെ മാർഗദർശനത്തിനായുള്ള വേദ ഗ്രന്ഥം അവതരിച്ച മാസം. മാനവ സമൂഹത്തെ തമസ്സിൽ നിന്നും
വെളിച്ചത്തിലേക്ക് നയിക്കാൻ ഉപയുക്തമായ ദിവ്യവചനങ്ങൾ.

വിശുദ്ധ ഖുർആൻ മനസ്സിരുത്തി വായിക്കുകയും മനസിലാക്കുകയും നിത്യ ജീവിതത്തിലെ നീറുന്ന അനേക പ്രശ്നങ്ങൾക്ക് പരിഹാരമായി മാറ്റുകയും ചെയ്യുക.

അന്ധകാരത്തിലും അനാചാരത്തിലും പരസ്പരം ശത്രുതയിലും ബഹുദൈവാരാധനയിലും അകപ്പെട്ടിരുന്ന ഒരു ജനതയെ ഏകദൈവ വിശ്വാസത്തിലേക്കും നന്മയിലേക്കും നയിക്കാനായി ഖുർആൻ അവതരിപ്പിച്ചു. അതേതെങ്കിലും ഒരു സമുദായത്തിന്റെ മാത്രമല്ല, മറിച്ച് മുഴുവൻ മനുഷ്യർക്കും വെളിച്ചവും വഴിയുമാണ്.

(യാ അയ്യുഹന്നാസ്) “അല്ലയോ മനുഷ്യരെ” എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് ഖുർആൻ സംസാരിക്കുന്നത്. മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ചും നിർവഹിക്കേണ്ട ദൗത്യത്തെ കുറിച്ചും ഭാവിയെ കുറിച്ചും കൃത്യമായ അറിവ് അത് മനുഷ്യന് നൽകുന്നുണ്ട്.

അഹങ്കാരം, അസൂയ, കോപം, വിദ്വേഷം തുടങ്ങി ഹൃദയത്തിന്റെ രോഗങ്ങൾ മാറ്റാൻ പറ്റുന്ന ഒന്നാണ് ഖുർആൻ പാരായണം. അത് മനസ്സിന് സന്തോഷം പകരുന്നു. അത് പഠിക്കാനും ജീവിതത്തിൽ പകർത്താനും നാടിനും സമൂഹത്തിനും അതിന്റെ ദിവ്യ വെളിച്ചം എത്തിക്കാനും വിശുദ്ധ ഖുർആന്റെ വാഹകർക്ക് സാധ്യമാകണം. ഖുർആൻ മനസ്സറിഞ്ഞ് പാരായണം നടത്താനും ആശയങ്ങൾ മനസ്സിലാക്കാനും അവ പ്രവൃത്തിപഥത്തിൽ വരുത്താനും നാഥൻ തൗഫീഖ് ചെയ്യട്ടെ.
ആമീൻ..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!