bahrainvartha-official-logo
Search
Close this search box.

നന്മകളുടെ വിളവെടുപ്പ് കാലം സമൃദ്ധമാക്കുക; ഷിബു പത്തനംതിട്ട എഴുതുന്നു

0001-98088692_20210420_234710_0000

വിശ്വാസികള്‍ക്ക് സന്തോഷത്തിന്‍റെയും ആത്മനിര്‍വൃതിയുടെയും നാളുകളാണ് റമദാനിലെ ഓരോ ദിനരാത്രങ്ങളും. ജീവിതത്തിൽ വന്നു പോകുന്ന തിന്‍മകള്‍ക്ക് പ്രായശ്ചിത്തം ചെയ്യാനും, കഠിനമായ വ്രത നിഷ്ഠയിലൂടെ കരഗതമാകുന്ന ആത്മീയ സംസ്കരണം വഴി തുടര്‍ന്നുള്ള ജീവിതത്തെ അര്‍ഥവത്താക്കാനും ലഭിക്കുന്ന ഒരസുലഭ അവസരമാണ് റമദാൻ. പാപങ്ങൾ പൊറുത്തുതരാൻ സർവേശ്വരനോട് കേണപേക്ഷിക്കാന്‍ കഴിയുന്ന, സൃഷ്ടാവിന് ഏറ്റവും ഇഷ്ടമുള്ള മാസം. നന്മകൾക്ക് അളവറ്റ പ്രതിഫലം ലഭിക്കുന്ന സീസൺ.
നമസ്കാരം, സകാത്, പ്രാർഥനകൾ, ദിക്റുകൾ, ദാനധര്‍മങ്ങള്‍ തുടങ്ങി എല്ലാ സദ് പ്രവർത്തനങ്ങളും അർഥ പൂർണതയോടെ നിർവഹിക്കാൻ ശ്രമിക്കുന്ന അവസരം. റമദാനിലെ ഖുര്‍ആന്‍ പാരായണത്തിന്‍റെ പ്രസക്തി പ്രത്യേകതയുള്ളതാണ്. കാരണം അത് അവതീർണമായതിന്‍റെ വാർഷിക പ്രഘോഷണമാണ് റമദാനിൽ നടക്കുന്നത്. ഖുര്‍ആന്‍ നോമ്പുമാസത്തിലവതരിച്ചതോ ഖുര്‍ആന്‍ അവതരിച്ച മാസം നോമ്പു മാസമായതോ യാദൃഛികമല്ല. വ്രതം, ഖുര്‍ആന്‍ എന്നീ രണ്ട് ആത്മ സാരംഗുകളും സമജ്ഞസമായി സമ്മേളിക്കുന്നതിന്‍റെ മഹിത സന്ദർഭം. ഒന്നിന്‍റെ പൂരകമാണ് മറ്റേത്. അല്ലാഹു പറഞ്ഞു: “മനുഷ്യര്‍ക്കാകമാനം സന്മാര്‍ഗ ദര്‍ശനവും സുവ്യക്ത പ്രമാണങ്ങളും സത്യാസത്യ വിവേചകവുമായി ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമദാൻ. ആ മാസത്തിന് സാക്ഷിയായവര്‍ നിര്‍ബന്ധമായും വ്രതമനുഷ്ഠിച്ചുകൊള്ളണം” (2:185) റമദാന്‍ മാസത്തെ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്തതാണെന്നും ഖുര്‍ആന്‍ അവതരിച്ച മാസമാണ് വ്രതാനുഷ്ഠാനം നിര്‍ബന്ധമാകാന്‍ കാരണമെന്നും ഈ വചനം സൂചിപ്പിക്കുന്നു. ഖുര്‍ആന്‍ അറിവിന്റെയും സന്മാർഗത്തിന്‍റെയും സാഗരമാണെങ്കിൽ അത് പാനം ചെയ്യാനും ഉള്‍ക്കൊള്ളാനും ഏറെ അനുയോജ്യ പരിസരമാണ് നോമ്പ് കാലം. നോമ്പ് ഒരു പാതയാണെങ്കില്‍ അതിലെ പാഥേയവും വെളിച്ചവുമാണ് ഖുര്‍ആന്‍.

തിന്മകളെ പൂര്‍ണമായും അകറ്റി നന്മകള്‍ വര്‍ദ്ധിപ്പിക്കുന്ന മാസം എന്നതിനേക്കാളുപരി വിശ്വാസികള്‍ ദേഹേഛകളില്‍ നിന്നും അകന്ന് അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുന്നു. പകല്‍ സമയങ്ങളില്‍ അന്ന-പാനീയങ്ങൾ വെടിഞ്ഞ് ആഹാരത്തിന്‍റെ പ്രധാന്യവും വിശപ്പിന്‍റെ ആഴവും മനസ്സിലാക്കാന്‍ കഴിയുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പുകളും വിഷവസ്തുക്കളും പുറന്തള്ളി ഉന്മേഷവും ഓജസ്സുറ്റതുമായ ഒരു ശരീരം സാധ്യമാക്കുന്നതിലും വ്രതം വഹിക്കുന്ന പങ്ക് വലുതാണെന്ന് ഭിഷഗ്വരന്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുന്നു. ഇങ്ങനെ ആത്മീയ സംസ്കരണത്തിലൂടെ മനസ്സും, ആഹാരക്രമത്തിലൂടെ ശരീരവും ഒരുപോലെ പരിശുദ്ധമാകുന്ന ഒരു മാസം കൂടിയാണ് റമദാന്‍ മാസം.

ഓരോ നോമ്പു കാലവും സങ്കടത്തോടെയാണ് നമ്മളിൽ നിന്നും വിടവാങ്ങുന്നത്. നൈമിഷികമായ ജീവിതത്തില്‍ അടുത്ത നോമ്പുകാലം വരെ ജീവിക്കുവാൻ ആയുസ്സുണ്ടാകുമോ എന്ന ആശങ്കയോടെയാണ് വിശ്വാസികള്‍ റമദാന്‍ മാസത്തെ യാത്രയാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെപോലെ വളരെ പ്രയാസമേറിയ കാലഘട്ടത്തിലൂടെയാണ് ഈ നോമ്പുകാലവും. സൃഷ്ടാവിന്റെ ഭവനങ്ങളില്‍ ഇപ്പോഴും നമസ്കാരം കൂട്ടമായി നടത്താന്‍ കഴിയാതെ വീടുകളിൽത്തന്നെ നമസ്കാരങ്ങള്‍ നടത്തേണ്ട അവസ്ഥയാണ്.
ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠ രാവുള്ള മാസം.
ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ രാവിൽ അല്ലാഹുവിന്റെ കൽപന പ്രകാരം മനുഷ്യ ജീവിതത്തിലെ എല്ലാ കാര്യങ്ങളുമായി മലക്കുകൾ ഇറങ്ങുന്നു. ആരെങ്കിലും വിശ്വാസത്തോടും ആത്മാര്‍ഥതയോടും കൂടി ലൈലതുല്‍ ഖദ്ര്‍ കഴിച്ചുകൂട്ടിയാല്‍ അവന്റെ മുന്‍ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും. തിരുനബി (സ) റമദാന്‍ മാസത്തിലെ അവസാന പത്തില്‍ പള്ളികളിൽ രാപ്പാര്‍ക്കാരുണ്ടായിരുന്നു (ഇഅതികാഫ്). നബി പറഞ്ഞു: നിങ്ങള്‍ ലൈലതുല്‍ ഖദ്‌റിനെ റമദാന്‍റെ അവസാനത്തെ പത്ത്‌ ദിവസങ്ങളില്‍ പ്രതീക്ഷിക്കുക.

ഒരു മനുഷ്യനെ സംബന്ധിച്ചയിടത്തോളം അവന്റെ പുരുഷായുസ്സ് മുഴുവന്‍ ചിലവഴിച്ചാലും കിട്ടാത്തത്രയും പുണ്യമാണ് ഒറ്റ രാത്രി കൊണ്ട് ഒരാള്‍ക്ക് ലഭിക്കുന്നത്. ഖുര്‍ആന്‍ ഇറങ്ങി എന്ന കാരണത്താലാണ് അല്ലാഹു ഈ രാവിനെ ഇത്രയും ശ്രേഷ്‌ഠമാക്കിയത്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനോ പഠിക്കുന്നതിനോ അത് പ്രാവർത്തികമാക്കുന്നതിനോ ശ്രമിക്കാതെ അതിനെ അവഗണിക്കുന്നവരെ സംബന്ധിച്ചേടത്തോളം ഈ രാവ്‌ ഒരിക്കലും പ്രയോജനപ്പെടുത്താനോ അതിലെ അനുഗ്രഹങ്ങള്‍ അനുഭവിക്കാനോ സാധിക്കുകയില്ല.

ലോകം മാറിക്കൊണ്ടിരിക്കുകയാണ്. അതനുസരിച്ചു നമ്മുടെ ജീവിത രീതിക്കും മാറ്റം വന്നു തുടങ്ങി “മാസ്കുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി. വൃത്തിയുള്ള ജീവിതം ശീലിക്കൽ നിർബന്ധമായിരിക്കുന്നു. “വുദു എടുക്കുന്ന വിശ്വാസി അവന്റെ ശുദ്ധിയാക്കൽ പ്രക്രിയയുടെ പ്രാധാന്യം മനസ്സിലാക്കുന്നു.

പള്ളികളിൽ തോളോട് തോൾ ചേർന്ന് നിന്ന് നമസ്കരിക്കുന്ന, റമദാന്റെ എല്ലാ മഹത്വത്തോടും കൂടി ഉൾകൊള്ളാൻ കഴിയുന്ന നാൾ വരുമെന്നു നമുക്ക് പ്രത്യാശിക്കാം. അടുത്ത നോമ്പുകാലം വരെ ആരോഗ്യത്തോടെയുള്ള നന്മയായ ഒരു ജീവിതം ലഭിക്കാന്‍ പ്രാര്‍ഥിക്കാം.

സ്നേഹത്തോടെ,
ഷിബു പത്തനംതിട്ട

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!