മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ തലങ്ങളിൽ നിലനിൽക്കുന്ന ചരിത്രപരമായ ഉഭയകക്ഷി ബന്ധം സന്തോഷകരമാണെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു.
നിക്ഷേപം ഉൾപ്പെടെ നിരവധി മേഖലകളിൽ ഇനിയും സഹകരണത്തിന് സാധ്യതകൾ ഏറെയുണ്ട്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള മൂന്നാമത് ഹൈ ജോയൻറ് കമീഷൻ യോഗം വിജയകരമായി സംഘടിപ്പിച്ചതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. കോവിഡ് പ്രത്യാഘാതം നേരിടുന്നതിനും എല്ലാ മേഖലകളിലും സഹകരണം വിപുലമാക്കാനുമുള്ള തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു. ബഹ്റൈനുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാനുള്ള താൽപര്യം അംബാസഡർ പിയൂഷ് ശ്രീവാസ്തവ അറിയിച്ചു.