മനാമ :സ്വകാര്യമേഖലയിൽ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന വേതനസംരക്ഷണ സംവിധാനം ബഹ്റൈനിൽ മേയ് ദിനത്തിൽ നിലവിൽ വന്നു. ആദ്യഘട്ടത്തിൽ വരുന്ന തൊഴിലുടമകളിൽ 92 ശതമാനം പേരും സംവിധാനത്തിൽ പങ്കാളികളായതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു . മൂന്ന് ഘട്ടങ്ങളായാണ് സംവിധാനം നടപ്പിലാക്കുന്നത്.
ആദ്യ ഘട്ടത്തിൽ അഞ്ഞൂറിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് ഉൾപ്പെടുന്നത്. രണ്ടാംഘട്ടത്തിൽ 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് പങ്കാളികളാകാം. സെപ്റ്റംബർ ഒന്ന് മുതൽ, 1 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ,അടുത്ത ജനുവരി ഒന്നു മുതലുമാണ് സംവിധാനം നടപ്പാക്കേണ്ടത്.
ആദ്യ ഘട്ടത്തിൽ തൊഴിലുടമകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ജമാൽ അബ്ദുൽ അസീസ് അൽ അലാവി പറഞ്ഞു. ശമ്പളം നൽകുന്നതിന് സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലോ ബാങ്കിലോ ജീവനക്കാരുടെ പേരിൽ അക്കൗണ്ട് തുടങ്ങണം. സ്വദേശികൾക്കും പ്രവാസികൾക്കും ഇത് ബാധകമാണ് . ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ശമ്പളം വിതരണം ചെയ്തതിെൻറ പ്രതിമാസ റിപ്പോർട്ട് എൽ.എം.ആർ.എക്ക് നൽകണം .കൃത്യമായി ശമ്പളവിതരണം നടക്കുന്നുണ്ടോയെന്ന് ഈ റിപ്പോർട്ട് പരിശോധിച്ച് എൽ.എം.ആർ.എ വിലയിരുത്തും.