മനാമ: ഇന്ത്യയിൽ നിന്നും ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടുന്നതായി റിപ്പോർട്ട്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിർ മുൻപ് നടത്തിയ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. എന്നാൽ കേരളത്തിലെ കോവിഡ് പരിശോധന ഫീസ് 500 രൂപ ആക്കിയത് ലാബുകളെ പ്രകോപിപ്പിക്കുന്നുണ്ടെന്നും ടെസ്റ്റ് ഫലം കിട്ടാൻ 48 മണിക്കൂർ കഴിയും എന്നാണ് ചില ലാബുകൾ പറയുന്നതെന്ന് യാത്രക്കാർ പറയുന്നു. കോവിഡ് പരിശോധനയ്ക്കായി 1700 രൂപയായിരുന്നു ലാബുകൾ ഈടാക്കിയത്. എന്നാൽ സർക്കാർ ഇടപെട്ട് അത് 500 രൂപയാക്കി കുറച്ചിരുന്നു. ഇതേ തുടർന്ന് പരിശോധന നടത്താൻ ലാബുകൾ വിസമ്മതിക്കുന്നതായുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.
ബുധനാഴ്ച രാത്രി ബഹ്റൈനിലേക്ക് വരുന്ന ഒരു യാത്രക്കാരൻ ചൊവ്വാഴ്ച രാവിലെ പരിശോധനയ്ക്ക് ലാബിൽ ചെന്നപ്പോൾ ഫലം വരാൻ 48 മണിക്കൂർ എടുക്കും എന്നാണ് അറിയിച്ചത്. റിസൾട്ട് നേരത്തെ കിട്ടിയില്ലെങ്കിൽ യാത്ര മുടങ്ങുമെന്ന ലാബ് ഉദ്യോഗസ്ഥരെ അറിയിച്ചപ്പോൾ പരമാവധി ശ്രമിക്കാം എന്ന മറുപടിയാണ് കിട്ടിയതെന്ന് യാത്രക്കാരൻ പറയുന്നു. നിരവധി യാത്രക്കാർ സമാന പ്രശ്നങ്ങൾ നേരിടുന്നുണ്ട്. നിശ്ചിതസമയത്തിനുള്ളിൽ ഫലം ലഭിച്ചില്ലെങ്കിൽ യാത്ര മുടങ്ങുന്ന സ്ഥിതിയാണ് പലരുടേതും. ഫലം വൈകുന്നത് ഒഴിവാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.