മനാമ: കോവിഡിന്‍റെ രണ്ടാം ഘട്ട വ്യാപനം രൂക്ഷമാകുമ്പോള്‍ ഓക്‌സിജൻ പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി ബഹ്‌റൈനും. ബഹ്‌റൈനിൽ നിന്ന് 20 മെട്രിക് ടൺ വരുന്ന രണ്ട് ലിക്വിഡ് ഓക്‌സിജൻ കണ്ടെയ്നറുകളാണ് ഇന്ത്യയിലെത്തിയത്. ഓപ്പറേഷൻ സമുദ്ര സേതു 2ന്‍റെ ഭാഗമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഐഎൻഎസ് തൽവാർ മുഖേനയാണ് ഇന്ത്യയിലേക്ക് ഓക്‌സിജനെത്തിച്ചത്.
മൂന്ന് ദിവസത്തെ യാത്രക്കൊടുവിലാണ്
രണ്ട് ക്രയോജനിക് കണ്ടെയ്നർ ഓക്സിജനുമായി കപ്പലുകൾ ഇന്ത്യയിൽ തിരികെ എത്തിച്ചേർന്നത്. ഓക്സിജന്‍ പുറമേ ഓക്‌സിജൻ ജനറേറ്ററുകളും ബഹ്റൈൻ ഇന്ത്യക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
🇮🇳🇧🇭
Reaching out across the seas – Operation Samudra Setu-II bolsters our oxygen availability. INS Talwar, the first among our ships deployed in the operation, arrives in Mangalore (India) from Bahrain. 2 liquid oxygen cryogenic containers of 20 MT each on board. pic.twitter.com/2fCaI0C8n9— Arindam Bagchi (@MEAIndia) May 5, 2021
കോവിഡ് കേസുകൾ കുത്തനെ ഉയരവെയാണ് ഇന്ത്യക്ക് ഓക്സിജനും മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങളും നൽകാൻ ബഹ്റൈൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. മറ്റ് ഗൾഫ് രാജ്യങ്ങളും അമേരിക്കയും റഷ്യയും ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളും ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനൊപ്പമാണ് ബഹ്‌റൈനും സഹായ വാഗ്ദാനവുമായി എത്തിയത്.
കോവിഡ് മഹാമാരിയുടെ ഒന്നാം ഘട്ട വ്യാപനം രൂക്ഷമായപ്പോൾ വിദേശങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായിരുന്നു നാവിക സേനയുടെ നേതൃത്വത്തില്‍ ഓപ്പറേഷൻ സമുദ്രസേതു ആരംഭിച്ചത്. ഇത്തവണ ഓക്‌സിജൻ ദൗത്യത്തിനായാണ് ഓപ്പറേഷൻ സമുദ്രസേതു 2 എന്ന പേരിൽ സേനയുടെ വിവിധ കപ്പലുകൾ വിന്യസിച്ചിരിക്കുന്നത്. കുവൈത്ത് മുതൽ സിംഗപ്പൂർ വരെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നും ഓക്‌സിജൻ ശേഖരിച്ച കപ്പലുകൾ വൈകാതെ രാജ്യത്തെത്തുമെന്നും നാവികസേന അധികൃതർ അറിയിച്ചു.