മനാമ: ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കോവിഡ് മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് നാഷനൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്. വാക്സിൻ സ്വീകരിക്കുകയോ, കൊവിഡ് മുക്തർ ആവുകയോ ചെയ്ത് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബഹ്‌റൈനിൽ എത്തുമ്പോൾ പി സി ആർ ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല. ഇവർ വാക്സിനേഷൻ സ്വീകരിച്ചു എന്നതിന്റെയോ രോഗമുക്തി നേടിയതിന്റെയോ സർട്ടിഫിക്കറ്റ് മൊബൈൽ ആപ്ലിക്കേഷൻ വഴി കാണിച്ചാൽ മതി.ആറിനും 17നും ഇടയിൽ പ്രായമുള്ളവർക്ക് ഈ നിബന്ധനകളും ബാധകമായിരിക്കില്ല.
അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുള്ള യുകെ, യൂറോപ്യൻ യൂണിയൻ, യുഎസ്എ, കാനഡ എന്നിവിടങ്ങളിൽ വാക്സിൻ എടുത്ത യാത്രക്കാർക്ക് ക്യൂ.ആർ കോഡ് പതിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി വിമാനത്താവളത്തിൽ എത്തുമ്പോൾ അംഗീകാര പത്രം ലഭിക്കും. എന്നാൽ ഇവർ പിസിആർ പരിശോധനയ്‌ക്ക് വിധേയമാകേണ്ടിവരും. തുടർന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ് പരിശോധന നടത്തണം. ആദ്യ പരിശോധനയുടെ ഫലം വരുന്നതുവരെ വീട്ടുനിരീക്ഷണത്തിൽ കഴിയുകയും ചെയ്യണം. അതേസമയം ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവർ ബഹ്‌റൈനിൽ എത്തിയശേഷമുള്ള മൂന്ന് കോവിഡ് പരിശോധനകളും നടത്തണം. ഈദ് ഒന്നു മുതൽ പുതിയ കോവിഡ് നിബന്ധനകൾ പ്രാബല്യത്തിൽ വരും.