മനാമ: ഫെയ്‌സ്ബുക്കിൽ നരേന്ദ്ര മോദിയെയും അമിത്ഷായെയും വിമർശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ സച്ചിദാനന്ദനെ ഫെയ്‌സ്ബുക്ക് വിലക്കിയ സംഭവം അത്യധികം അപലപനീയമാണ്. സാഹിത്യ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണ് സച്ചിദാനന്ദൻ. ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ആ അവകാശം ഹനിക്കപ്പെടുന്നതിലൂടെ ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. അടിയന്തരാവസ്ഥകാലത്തു പോലും തൻ്റെ നിലപാടുകൾ എഴുത്തുകളിലൂടെ പ്രകടിപ്പിച്ച ധീരമായ നിലപാടുകളുള്ള എഴുത്തുകാരനാണ് സച്ചിദാനന്ദൻ. മോദിയും അമിത്ഷായും വിമർശനത്തിന് അതീതരെന്ന് പ്രഖ്യാപിക്കുന്ന സംഭവമാണ് ഈ ഫെയ്‌സ്ബുക്ക് വിലക്ക്. ഒരു ജനാധിപത്യ രാജ്യത്തിന് ഇത് ഭൂഷണമല്ല.
സച്ചിദാനന്ദൻ്റെ ധീരമായ നിലപാടുകളെ ബഹ്‌റൈൻ പ്രതിഭ അഭിവാദ്യം ചെയ്യുന്നതായും ബിജെപി സംഘപരിവാർ സർക്കാരിൻറെ ഇത്തരം അസഹിണുഷ്താപരമായ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കുന്നതായും ബഹ്‌റൈൻ പ്രതിഭ പ്രസ്താവനയിലൂടെ അറിയിച്ചു.