കൊറോണക്കാലത്ത് വീണ്ടുമൊരു നോമ്പുകാലം കൂടി വിടവാങ്ങുന്നു – സനൂപ് തലശ്ശേരി എഴുതുന്ന നോമ്പനുഭവം

അതെ, എല്ലാ പ്രവിശ്യത്തെയും പോലെ തന്നെ നാട്ടിൽ നിന്നും എത്രയോ ദൂരെയാണ് ഈ നോമ്പ് കാലത്തും. ബഹ്റൈനിലെ ഒരു ഫ്‌ളാറ്റിൽ നാല് ചുമരുകൾക്കുള്ളിൽ ഒരു മാസകാലത്തെ നോമ്പ് കഴിഞ്ഞ് പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഞാൻ.

വർഷത്തിൽ ഒരിക്കൽ മാത്രം വിരുന്നു വരുന്ന പുണ്യങ്ങളുടെ ഈ പൂക്കാലത്തെ കാത്തിരിക്കാൻ മുൻപൊക്കെ എന്തൊരു ഉത്സാഹമായിരുന്നു എല്ലാവർക്കും.

മാസങ്ങൾക്ക് മുൻപേ തുടങ്ങും തയ്യാറെടുപ്പുകൾ.വീടും നാടും പള്ളിയും ഒരേ പോലെ കാത്തിരിക്കുന്ന നന്മകളുടെ വസന്ത കാലം.

ഇന്ന് കാത്തിരിപ്പിൽ കണ്ണീര് വീണിരിക്കുന്നു. പൂക്കാലം കൊറോണ വരൾച്ചയിൽ വാടിക്കൊഴിയാറായി. പ്രതീക്ഷകളുടെ പൊന്നമ്പിളി നിറം കെട്ടു പോയി.

‘നനച്ചു കുളി’ യില്ലാത്ത, പള്ളിയിൽ നമസ്ക്കാരമില്ലാത്ത, സമൂഹ നോമ്പ് തുറകളില്ലാത്ത നോമ്പ്, പെരുന്നാൾ ഷോപ്പിംഗ് പാടില്ലാത്ത ഒരു നോമ്പ് സങ്കട നോമ്പായി മാറിയിരിക്കുന്നു .

പക്ഷേ, നോമ്പിന്റെ നിറം കെടുത്താനേ കോവിഡിന് കഴിയൂ.ലോകം മുഴുവൻ പരന്നു കിടക്കുന്ന കോടാനുകോടി വിശ്വാസികളുടെ ജീവിതത്തിൽ നിന്ന് ആ വെളിച്ചം ഇല്ലാതാക്കാൻ ഏത് വൈറസിനും കഴിയില്ല.മഴ മേഘങ്ങൾക്ക് സൂര്യനെ മറയ്ക്കാൻ എത്ര നാൾ ആവും..

ഇത് ഒരു യാത്രയാണ്. ഓർമ്മകളുടെ ലോകത്തേക്ക് മനസ്സ് കൊണ്ടൊരു മടക്ക യാത്ര. കോവിഡിന് കരി നിഴൽ വീഴ്ത്താൻ കഴിയാത്ത, കാലത്തിന് തിരിച്ചെടുക്കാൻ ആവാത്ത ഒരു പിടി നോമ്പ് ഓർമ്മകൾ ….

എന്തിനാണ് നീ നോമ്പ് എടുക്കുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട് .എന്നാൽ ചോദിക്കുന്നവരോട് എല്ലാം ഒരു ഉത്തരമേ എനിക്കുള്ളൂ.

ഉദാഹരണം ഒരു വണ്ടി നിർത്താതെ തിരുവനന്തപുരം മുതൽ ബാംഗ്ലൂർ വരെ ഓടുന്നു എന്തായിരിക്കും അവസ്ഥ വണ്ടിയുടെ എഞ്ചിനും മറ്റു ഭാഗങ്ങളും നശിച്ചു പോകാനും വണ്ടി കേടാവാൻ സാധ്യതയുണ്ട്.

കുറച്ചു നിർത്തി വണ്ടി റസ്റ്റ് കൊടുത്താൽ വർഷങ്ങളോളം ഉപയോഗിക്കാം ആ വാഹനം. അതുപോലെയാണ് ഞാൻ മനസ്സിലാക്കിയത് മനുഷ്യശരീരത്തിലെ എല്ലാ ഭാഗങ്ങളും 11 മാസം ഭക്ഷണംകഴിച്ച് ശരീരത്തിലെ ഭാഗങ്ങൾ വിശ്രമമില്ലാതെ വർക്ക് ചെയ്യുന്നു. ഒരുമാസം മനുഷ്യശരീരത്തിലെ എൻജിന് റസ്റ്റ് കൊടുക്കണം..

അത് പോലെ തന്നെ പാവപ്പെട്ടവൻ അനുഭവിക്കുന്ന വിശപ്പ് അറിയാനും ഭക്ഷണത്തിൻറെ വില,സമയത്തിൻെറ വില ,അസൂയ, അത്യാഗ്രഹം,പക എന്നിവ ഒരു പരിധിവരെ മാറാനും മറ്റുള്ളവരെ സഹായിക്കാനും തോന്നും, അതിൽ ഉപരി ശരീരേച്ഛയുടെ നിയന്ത്രണം എല്ലാം സ്വായത്തമാക്കാൻ നോമ്പിലൂടെ സാധിക്കുന്നതിനോടപ്പം. സൗഹൃദങ്ങളുടെ മനസ്സറിയാനും സാധിക്കുന്നുയെന്ന് ഞാൻ മനസ്സിലാക്കുന്നു…..

– സനൂപ് തലശ്ശേരി (ബഹ്റൈനിലെ പഞ്ചനക്ഷത്ര ഹോട്ടൽ ജീവനക്കാരനാണ് ലേഖകൻ)